വള്ളക്കടവ് പുത്തന്‍ റോഡ് ഭാഗത്ത് മലിനജലം പരന്നൊഴുകുന്നു: ദുസ്സഹമായി ജനജീവിതം
1579156
Sunday, July 27, 2025 6:17 AM IST
വലിയതുറ: തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍ വരുന്ന വള്ളക്കടവിനു സമീപം പുത്തന്‍ റോഡ് ഭാഗത്തുള്ള പിആര്ആര്എ തെരുവില്‍ പതിറ്റാണ്ടുകളായി ഓടയില്‍നിന്നു മലിനജലം ഒഴുകുന്നതുകാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നു പരാതി. കാല്‍നട പോലും ദുസഹമായി മാറിയിരിക്കുന്നതായി പ്രദേശവാസികള്‍. ദുര്‍ഗന്ധം വമിക്കുന്നതുകാരണം മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്.
അശാസ്ത്രീയമായ ഓട നിര്‍മാണവും മാന്‍ഹോള്‍ നിര്‍മാണവുമാണ് പ്രശ്നത്തിനു പ്രധാന കാരണം. അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്താണ് ജനം ദുരിതം അനുഭവിക്കുന്നത്. ഓടയില്‍ മാലിന്യം കുന്നുകൂടുന്നതുകാരണം മലിനജലം പലപ്പോഴും പൊതു വഴികളിലൂടെയും റോഡിലൂടെയും ഒഴുകുന്നു. ഇതുകാരണം പ്രദേശം കൊതുകിന്റെ ഈറ്റില്ലമായി മാറിയിരിക്കുകയാണ്. കൂടാതെ പ്രദേശത്ത് പലപ്പോഴും കുട്ടികളിലും മുതിര്‍ന്നവരിലും പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നതായും പറയുന്നു.
മലിന ജലവും ദുര്‍ഗന്ധവും ഈ പ്രദേശത്തിന്റെ ശാപമായി മാറിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും വാര്‍ഡ് കൗണ്‍സിലര്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും കൈകൊണ്ടിട്ടില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓടയില്‍ മലിനം ജലം കെട്ടി നില്ക്കുന്നതിനാല് ദുര്‍ഗന്ധം കാരണം വീടിനുള്ളിലിരുന്നുപോലും ആഹാരം കഴിക്കാന്‍ കഴിയുന്നില്ല.
ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഉടന്‍ നടപടിയുണ്ടാകാത്ത പക്ഷം പ്രദേശത്ത് മാരകമായ ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു. പ്രശ്നത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ നപപടി സ്വീകരിക്കാതെവന്നാല്‍ ആസന്നമായി വരുന്ന തെരഞ്ഞെടുപ്പു തങ്ങള്‍ ആയുധമാക്കി മാറ്റുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.