നാട്ടുകാർ സമരത്തിലേക്ക് : പൂവച്ചലിലെ കെഎസ്ഇബി ഓഫീസിനെതിരേ വ്യാപക പരാതി
1579159
Sunday, July 27, 2025 6:17 AM IST
പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ കെഎസ്ഇബി ഓഫീസിനെതിരെ വ്യാപക പരാതി ഉയരുന്നു. വൈദ്യത ലൈൻ കടന്നുപോകുന്നയിടത്തെ ലൈൻ ടച്ചിംഗ് വെട്ടുന്നില്ലെന്നും ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ കാടും പടർപ്പും മാറ്റുന്നില്ലെന്നും പരക്കെ പരാതി ഉയർന്നിരിക്കുകയാണ്.
പഞ്ചായത്തിലെ കാട്ടാക്കട - പൂവച്ചൽ റോഡിലെ മുളമൂട് മുതൽ പിന്നാംകരിയ്ക്കകം വരെയുള്ള മെയിൻ റോഡ് സൈഡിലുള്ള വൈദ്യുതി ലൈൻ വൃക്ഷങ്ങളിൽ തട്ടിയാണു നിൽക്കുന്നത്. വൃക്ഷശിഖരങ്ങൾ ലൈനിൽ തട്ടുമ്പോൾ ലൈൻ കാട്ടാവുന്ന നില ഇവിടെയുണ്ട്.
മാത്രമല്ല പല വൃക്ഷങ്ങളും നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്. ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾ നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു ഫലവുമില്ല. ലൈൻ ടച്ചിംഗ് നടത്തുന്നതിനായി കരാർ ഏർപ്പാടാക്കിയെങ്കിലും അവരാരും തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ ആലമുക്ക്, കൊണ്ണിയൂർ, കരിയംകോട്, പൊന്നെടുത്തകുഴി, കാപ്പിക്കാട്, വീരണകാവ് തുടങ്ങി വിവിധയിടങ്ങളിലും ഈ പരാതിയുണ്ട്. അതിനിടെ ട്രാൻസ്ഫോർമർ അടക്കം ഇരിക്കുന്ന സ്ഥലങ്ങളിൽ കാട് വളർന്നു കിടപ്പാണ്. അതു വൃത്തിയാക്കാനും ഇവർക്കു നേരമില്ല. പലേടത്തും ഇഴജന്തുക്കളുടെ കേന്ദ്രവുമായി മാറിയിട്ടുണ്ട്.
ആരെങ്കിലും പരാതിപ്പെട്ടാൽ അവരുടെ വീട്ടിലെ ഫ്യൂസ് ഊരുമെന്നു പറഞ്ഞു ഷണി ഉയർത്തുന്നതായും പരാതിയുണ്ട്. അടുത്തിടെയാണ് ഈ ഓഫീസ് വിവിധ രാഷ്ട്രീയ കക്ഷികൾ ഉപരോധിച്ചതും പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് അവരെ പറഞ്ഞയച്ചതും. എന്നാൽ അതിനൊന്നും പരിഹാരമില്ലാത്ത അവസ്ഥയാണ് ഉള്ളത്. മഴ കൂടിയായതോടെ ഇവിടെ കറന്റില്ലാതാകുന്നത് പതിവായിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് സമരപരിപാടികൾക്ക് രൂപം നൽകിയിരിക്കുകയാണ് നാട്ടുകാർ.