വിശുദ്ധ അല്‍ഫോന്‍സ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകം: ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍
1579485
Monday, July 28, 2025 6:51 AM IST
തിരുവനന്തപുരം: വിശുദ്ധ അല്‍ഫോന്‍സാമ്മ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാ ണെന്നു പാലാ രൂപത മുന്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പോങ്ങുമ്മൂട് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
നമുക്കെല്ലാം മാതൃകയായി നമുക്കു മുന്നില്‍ പ്രതിഷ്ഠിക്കപ്പെടുന്ന വലിയൊരു രഹസ്യമണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. എന്താണു സഹനം എന്നു മനസിലാക്കാന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്ക് ഉപകരിക്കും. ഏറ്റവും മൂല്യമുള്ള ഒന്നാണ് സഹനം. സഹനമില്ലാതെ ആര്‍ക്കും ലോകത്ത് ജീവിക്കാനാകില്ല.
സഹനത്തിന്റെ ഏതെങ്കലും ഒരു വഴിയിലൂടെയാകും നാം എന്നും സഞ്ചരിക്കുക. സ്വന്തം സ്വാര്‍ഥതയ്ക്കു വേണ്ടിയുള്ളതല്ല, മറിച്ച് ത്യാഗോജ്വലമായ ജീവിതമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇന്ന് സ്വാര്‍ഥത മനുഷ്യനെ പിടികൂടുന്നുണ്ട്. എന്റെ ഇഷ്ടങ്ങള്‍, എന്റെ താല്പര്യങ്ങള്, എന്റെ സ്ഥാനങ്ങള്‍.. എല്ലാത്തിനും വേണ്ടി ഓടുകയാണ് നാം. മറ്റുള്ളവരുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച് സ്വന്തം കാര്യങ്ങള്‍ നേടാന്‍ ഓടുന്നവരുടെ മുന്നില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയും നമ്മുടെ ഇടയില്‍ ജീവിക്കുന്ന അനേകം മനുഷ്യരും പകര്‍ന്നു നല്കുന്ന അര്‍ഥം നല്കുന്ന ജീവിതം നാം മറന്നു പോകരുത്.
ദൃശ്യമായതല്ല, അദൃശ്യമായതാണ് നമ്മുടെ ലക്ഷ്യമെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ത്യാഗോജ്വലമായ ജീവിതം വഴി മനഷ്യര്‍ സ്വയം ഒരു മെഴുതിരിയായി ലോകത്തിനു മുന്നില്‍ പ്രകാശിക്കുമ്പോള്‍ ജീവിതം അര്ഥമുള്ളതാകും. ദൈവത്തോടൊപ്പം ജീവിക്കാന്‍ നാം നമ്മുടെ ഇഷ്ടങ്ങളെ മാറ്റിവയ്ക്കണം. നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യരുടെ ഇഷ്ടങ്ങള്‍ക്കു വേണ്ടിയാകണം നമ്മുടെ ജീവിതം.
വിശുദ്ധ അല്‍ഫോന്‍സാമ്മ തന്റെ പ്രാര്‍ഥന കൊണ്ടും സഹനം കൊണ്ടും അതിലുപരി ദൈവത്തിലുള്ള അശ്രയത്വം കൊണ്ടും മുന്നോട്ടു പോയി, എന്നും വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ കണ്ടു. അല്‍ഫോന്‍സാമ്മയെ ജീവിച്ചിരുന്നപ്പോള്‍ ആരും വിശുദ്ധയായി കണ്ടില്ല. കുഞ്ഞുങ്ങള്‍ മാത്രമാണ് അതു തിരിച്ചറിഞ്ഞത്. കുട്ടികളുടെ പ്രാര്ഥനാവശ്യങ്ങള് എന്നും അല്‍ഫോന്‍സാമ്മ നിറവേറ്റിയിരുന്നു.
പിന്നീട് ദൈവത്തിന്റെ പക്കല്നിന്നുമുള്ള അനുഗ്രഹം ലോകത്തിനു മുഴുവന്‍ നല്കാന് തക്കവധം ദൈവം ആ വിശുദ്ധയെ വളര്‍ത്തി. നമുക്ക് ഈ ലോകത്തെ വിജയിക്കാന്‍ കഴിയണം. കുഞ്ഞുങ്ങളെ ഈ ലോകത്തെ ജയിക്കാന്‍ കഴിയത്തക്കവിധം വളര്‍ത്തണം. അതാണ് മാതാപിതാക്കന്മാര്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം- അദ്ദേഹം പറഞ്ഞു.
തിരുനാള്‍ കൊടിയേറ്റിനു മുന്നോടിയായി ഈ വര്‍ഷത്തെ തെക്കന്‍ മേഖല വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനം ലൂര്‍ദ് പള്ളി അങ്കണത്തില്‍നിന്നും ആരംഭിച്ചു. ചങ്ങനാശേരി അതിരൂപത തെക്കന്‍ മേഖല വികാരി ജനറാള്‍ മോണ്‍.ഡോ. ജോണ്‍ തെക്കേക്കര ആമുഖ സന്ദേശം നല്കി. പാറശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ.തോമസ് മാര്‍ യൗസോബിയൂസ് തീര്‍ഥാടനം ഫഌഗ് ഓഫ് ചെയ്തു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിനു മുന്നില്‍ തീര്‍ഥാടകര്‍ക്കു ആശീര്‍വാദം നല്കി. പോങ്ങുംമൂട് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടകര്‍ക്ക് പോങ്ങുംമൂട് ഇടവകയുടെ ആദരവും സ്വീകരണവും നല്കി.
ഇന്നലെ രാവിലെ 10.45ന് ആരംഭിച്ച മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികനായി.ഇടവക വികാരി ഫാ.തോമസ് വാഴപ്പറമ്പിൽ തിരുനാളിന് കൊടിയേറ്റി. ഇന്നു രാവിലെ മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം. മുഖ്യ കാര്മികന് ലൂര്‍ദ് ഫൊറോന പള്ളി സഹവികാരി ഫാ.മാത്യു മരങ്ങാട്ട്, വൈ കുന്നേരം ജപമാല, വിശുദ്ധ കുര്‍ബാന, സന്ദേശം, മധ്യസ്ഥ പ്രാര്‍ഥന. മുഖ്യ കാര്മികന് കണ്ണമ്മൂല മദര്‍ തെരേസ പള്ളി വികാരി ഫാ.ഗീവര്‍ഗീസ് അരഞ്ഞാണിയില്‍.