ശന്പള പരിഷ്കരണ നടപടി ഉടൻ ആരംഭിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
1579486
Monday, July 28, 2025 6:51 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ഇടക്കാലാശ്വാസം നൽകണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്ന കാര്യത്തിൽ കടുത്ത അനാസ്ഥയാണ് സർക്കാർ വച്ചുപുലർത്തുന്നത്.
കാലാവധി എത്തുന്നതിന് എട്ടു മാസം മുന്‍പേ, പത്താം ശന്പള കമ്മീഷനെ നിയമിച്ചെങ്കിൽ 11-ാം കമ്മീഷൻ നിയമനം നാലുമാസം വൈകി. ഇപ്പോഴാകട്ടെ ഒരു വർഷം കഴിഞ്ഞിട്ടും ശന്പള കമ്മീഷനുമില്ല, പരിഷ്കരണവുമില്ല.
ശന്പള പരിഷ്കരണം വൈകുന്നതിനാൽ അടിസ്ഥാന ശന്പളത്തിന്റെ 10 ശതമാനമോ 5,000 രൂപയോ ഇടക്കാലാശ്വാസമായി അനുവദിക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ് ഇർഷാദ്, സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ,
ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ് കുമാർ, ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. മോഹനചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.