വീട്ടമ്മയെ മര്‍ദിച്ച കേസിലെ മൂന്നംഗ സംഘം അറസ്റ്റില്‍
1579489
Monday, July 28, 2025 6:51 AM IST
പൂന്തുറ: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദിച്ച കേസിലെ മൂന്നംഗ സംഘത്തെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് മുട്ടത്തറ സ്വദേശി ജിനുമോന്‍ (40), മുട്ടത്തറ പെരുനെല്ലി സ്വദേശി കണ്ണന് എന്നു വിളിക്കുന്ന വിനോദ് (33), പൂന്തുറ ചെറിയതുറ സ്വദേശി പ്രസാദ് എന്ന് വിളിക്കുന്ന ഷെറഫുദീന്‍ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരം 3.30 ഓടുകൂടി പ്രതികള്‍ മൂന്നുപേരും ചേർന്നു മുട്ടത്തറ പെരുനെല്ലി മാര്‍ക്കറ്റിനു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ റീന (38) യുടെ വീട്ടില്‍ അതിക്രമിച്ചു കയറി റീനയെ മര്‍ദിക്കുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് റീനയുടെ ഭാര്‍ത്താവിനെ കേസിലെ ഒന്നാം പ്രതി മര്‍ദിച്ചിരുന്നതായും ഇതില്‍ കേസ് നിലനില്‍ക്കുന്നതായും പോലീസ് പറഞ്ഞു. ഈ കേസ് ഒത്തുതീര്‍ക്കുന്നതിനായി പ്രതികള്‍ റീനയുടെ വീട്ടുകാരെ പലപ്പോഴായി സമീപിച്ചിരുന്നുയെങ്കിലും വീട്ടുകാര്‍ തായാറായിരുന്നില്ല.
ഇതിലുളള വിരോധത്തിലാണ് കഴിഞ്ഞ ദിവസം പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് റീനയെ മര്‍ദിച്ചത്. റീന നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ മൂന്നു പേരും പോലീസിന്റെ പിടിയിലായത്.
പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ സുനില്‍, ജൂണിയര്‍ എസ്ഐ നവീന്‍ ജോര്‍ജ് , എഎസ്ഐ ഷാജി, എസ്സിപിഒ ജയചന്ദ്രന്, സിപിഒ മാരായ രാജേഷ്, പ്രതീഷ്, സജി, സനല്‍, പത്മകുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.