ഹാപ്പിനസ് പാർക്കിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്
1579490
Monday, July 28, 2025 6:51 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ വയോജനങ്ങൾക്കായി നഗരസഭ ഒരുക്കുന്ന ഹാപ്പിനസ് പാർക്കിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കലാ -കായിക വിനോദങ്ങൾക്കായി ഗ്രാമങ്ങളിൽ അരങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിലമേൽ, മണലൂർ വാർഡുകളെ ബന്ധിപ്പിക്കുന്ന കാവുവിള പാലത്തിനു സമീപമാണ് ഹാപ്പിനെസ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത്. ആദ്യഘട്ട നിർമാണത്തിനും വൈദ്യുതീകരണത്തിനുമായി 22 ലക്ഷം രൂപ ചെലവഴിച്ചു.
വൈദ്യുതി കണക്ഷൻ കിട്ടുന്നതിനനുസരിച്ച് ഓഗസ്റ്റ് ആദ്യവാരം ഹാപ്പിനെസ് തുറന്നു നൽകാൻ കഴിയുമെന്നു നഗരസഭ ചെയർമാൻ പി. കെ. രാജമോഹനൻ അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.18 ലക്ഷം രൂപ ആദ്യഘട്ട നിർമാണത്തിനായി ഉപയോഗപ്പെടുത്തി.
കാവുവിള പാലം മുതൽ നെയ്യാറ്റിൻകര ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള പാതയുടെ ഇരുവശങ്ങളിൽ മനോഹരമായ പാർക്ക്, പ്രഭാത സവാരിക്കുള്ള സൗകര്യം, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, വിശ്രമ ഇരിപ്പിടങ്ങൾ, പൂന്തോട്ടം, തുറസ്സായ സംവാദകേന്ദ്രം എന്നിവയുള്‍പ്പെടുന്നതാണ് ഹാപ്പിനെസ് പാര്‍ക്ക് പ്രോജക്ട്. രാത്രികളില്‍ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉപയോഗപ്രദമാകും വിധത്തിലുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. റോഡിന് ഇരുവശത്തും നടപ്പാത ഇന്റർലോക്ക് ചെയ്തു.
ഒരു വശത്ത് ഇരിപ്പിടങ്ങളും മറുവശത്ത് യോഗം ചേരാനും ഒത്തുകൂടാനുമുള്ള സൗകര്യത്തിനായി പ്ലാറ്റ് ഫോമും നിര്‍മിച്ചു. പ്രഭാത സവാരിക്ക് നടപ്പാത നീട്ടി. പാർക്കിനോട് ചേർന്ന കഫറ്റേരിയയുടെ നിർമാണം ആരംഭിക്കേണ്ടതുണ്ട്.
റോഡിന് ഇരുവശത്തുമായി തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും പാർക്കിനെ കൂടുതൽ മോടി പിടിപ്പിക്കാനും ഉദ്ദേശിക്കുന്നു. വയോജനങ്ങൾക്കു മാനസികവും കായികവുമായ വികാസത്തിന് ഹാപ്പിനസ് പാർക്ക് അനുഗ്രഹമായിരിക്കുമെന്നും ചെയർമാൻ പി.കെ. രാജമോഹനൻ കൂട്ടിച്ചേര്‍ത്തു.