ആകെയുള്ളത് ഒരു ജെസിബി മാത്രം : നാഥനില്ലാക്കളരിയായി അമരവിള- കാരക്കോണം റോഡ് പുനരുദ്ധാരണം
1579491
Monday, July 28, 2025 6:51 AM IST
പാറശാല: നാഥനില്ലാക്കളരിയായി അമരവിള കാരക്കോണം റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ. എങ്ങും കുണ്ടും കുഴിയും വെള്ളക്കെട്ടും രുപപ്പെട്ടതോടെ യാത്രികരും പ്രദേശവാസികളും ദുരിതത്തിലായി. 38 കോടിയോളം രൂപ വകയിരുത്തി നിർമിക്കുന്ന റോഡുപണിക്കായി ഉപയോഗിക്കുന്നത് ഒരേയൊരു ജെസിബി മാത്രം. ഒരോ സ്ഥലത്തും മിന്നായം പോലെയെത്തി കുഞ്ഞു കുഞ്ഞു പണികള്‍ ചെയ്തു നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടു നടക്കുന്ന റോഡുപണിക്കിടെ നെടിയാംകോട് പാലം വീതി കൂട്ടുന്ന സ്ഥലത്തും ഇതേ ജെസിബി തന്നെ ഓടിയെത്തും.
കുന്നത്തുകാല്‍ മുതല്‍ കാരക്കോണം ജംഗ്ഷന്‍വരെയുള്ള റോഡിലാണ് ഏറ്റവും കൂടുതല്‍ ദുരിതക്കാഴ്ച്ച. കുന്നത്തുകാല്‍ ജംഗ്ഷനിലെ മഞ്ചവിളാകം റോഡ് തിരിയുന്നിടത്തു കോടതി ഉത്തരവ് ലംഘിച്ചു സ്വകാര്യ വ്യക്തികളുടെ കടമുറികള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചു നശിപ്പിച്ചിട്ടു മാസം മൂന്നുകഴിഞ്ഞു. ഏതു സമായവും നിലം പൊത്താവുന്ന അവസ്ഥയില്‍ നില്ക്കുന്ന ചുവരുകളുടെ ചുവട്ടിലാണ് യാത്രികര്‍ ബസ് കാത്തുനില്‍ക്കുന്നത്.
വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കട ഉടമയെ പഞ്ചായത്ത് ഓഫീസിലും പിഡബ്ല്യൂഡി ഓഫീസിലും വിളിച്ചുവരുത്തിയെങ്കിലും തീരുമാനമെടുക്കേണ്ട അധികാരികളാരും പങ്കെടുത്തിരുന്നില്ല. കുന്നത്തുകാല്‍ കൂത്തക്കോട് റോഡരികത്തുവീട്ടില്‍ പരേതനായ പ്രകാശത്തിന്റെയും മാരായമുട്ടം കാളിവിളാകം രാജ് നിവാസില്‍ സിന്ധുവിന്റെയും ഉടമസ്ഥതയിലുള്ള കട മുറികളാണ് വൈദ്യുതി ബന്ധം പോലും വിച്ഛേദിക്കാതെ റോഡ് പണിയുടെ പേരില്‍ ഇടിച്ചുനിരത്താന്‍ ശ്രമിച്ചത്.
കുന്നത്തുകാല്‍ ജംഗ്ഷനില്‍ നിന്നും പെരുങ്കടവിളയിലേക്ക് തിരിയുന്ന ഭാഗത്തു പൈപ്പ് സ്ഥാപിക്കാന്‍ രണ്ടുമാസം മുന്‍പ് ഒരുമീറ്ററോളം താഴ്ച്ചയില്‍ എടുത്ത കുഴിയില്‍ യാത്രികര്‍ വീഴുന്നത് പതിവു കാഴ്ച്ചയാണ്. മൂന്നു ദിവസം മുന്‍പ് കുന്നത്തുകാല്‍ ജംഗ്ഷനില്‍ റോഡ് നിരപ്പാക്കാന്‍ ജെസിബി ഉപയോഗിച്ചു മണ്ണ് മാറ്റിയതും തുടര്‍മഴയും കാരണം ജംഗ്ഷനിലാകെ ചെളിമയമായി കാല്‍നടയാത്ര പോലും ദുര്‍ഘടമായിരിക്കുകയാണ്.
ഇവിടത്തെ ജനജീവിതം സ്തംഭനാവസ്ഥയിലായിട്ടും തിരിഞ്ഞുനോക്കാന്‍ ആരുമെത്തിയില്ല. റോഡ് വികസനത്തിന്റെ പേരിലുള്ള വീതികൂട്ടലിനായി സ്ഥലഉടമകളുമായുള്ള തര്‍ക്കം തുടങ്ങിയിട്ടും ഒരുവര്‍ഷമാകാറായി. പൊതുമരാമത്ത് വകുപ്പു മാര്‍ക്കുചെയ്ത പുറമ്പോക്കു ഭൂമി പോലും ഏറ്റെടുക്കാന്‍ ഇതുവരെയും അധികൃതര്‍ക്കായില്ല.
കുന്നത്തുകാല്‍ ജംഗ്ഷന് മുതല്‍ ഓടകള്‍ സ്ഥാപിച്ച് സ്ലാബ് ഇട്ടിടത്ത് എന്നും ഓരോമണിക്കൂര്‍ വീതം ഇടിക്കലും പൊളിക്കലും തുടരുന്നതിനാല്‍ വീടുകളിലേക്കും കടകളിലേക്കുമുള്ള പാതകളിലൂടെ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാരക്കോണത്തിനും കുന്നത്തുകാലിനും ഇടയില്‍ ഒന്നര കിലോമീറ്റര്‍ ദൂരമുള്ളതില് ഒന്നാം ലയര്‍ ടാറിംഗ് നടത്തിയത് രണ്ടിടത്തായി 150 മീറ്റര്‍ മാത്രം.
മറ്റുഭാഗങ്ങളെല്ലാം കുണ്ടും കുഴിയും ചെളിയുമായി തുടരുകയാണ്. തുടര്‍മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നതു പതിവാണ്. കൂനന്‍പന ജംഗ്ഷനില്‍നിന്നും കന്നുമാമൂട്ടിലേക്കു തിരിയുന്നിടത്ത് ഓടയിലെ സ്ലാബിട്ടപ്പോള് ഉണ്ടായ ഉയരം കാരണം വാഹനങ്ങള്‍ക്ക് സബ്റോഡിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കൂനന്‍പന ജംഗ്ഷന് മുതല്‍ കാരക്കോണം ജംഗ്ഷന് വരെയുള്ള റോഡ് തകര്‍ന്നടിഞ്ഞ നിയിലാണ്.
ഇരുചക്രവാഹന യാത്രികരുടെ നടുവൊടിക്കുന്ന യാത്ര തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. കാരക്കോണം ജംഗ്ഷനുസമീപം സ്വകാര്യ വ്യക്തി കൾവർട്ട് അടച്ചും പുറമ്പോക്കു ഭൂമി കൈയേറിയും അനധികൃതമായി നിർമിച്ച മതില്ക്കെട്ടുകാരണം മഴയത്തു വെള്ളം കെട്ടുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
റോഡിനാവശ്യമായ വീതി ലഭിക്കാതായിട്ടും ഉന്നത സ്വാധീനം കാരണം അവിടത്തെ പുറമ്പോക്ക് സ്ഥലം എടുക്കാനും ഓട നിര്‍മിക്കാനും പിഡബ്ല്യൂഡി അധികൃതര്‍ക്ക് ഭയമാണത്രേ. വിഷയങ്ങളില്‍ ഇടപെടേണ്ടുന്ന സ്ഥലം എംഎല്‍എയ്ക്ക് ഇക്കാര്യം അറിയാത്ത ഭാവമാണെന്നും ആരോപണമുണ്ട്. കുന്നത്തുകാല്‍ ജംഗ്ഷനിലെ വീതികൂട്ടലില്‍ ഇടപെട്ടിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അയഞ്ഞ മട്ടിലാണ്.