ഹരിശ്രീകുറിച്ച് കുരുന്നുകൾ
1596536
Friday, October 3, 2025 6:21 AM IST
തിരുവനന്തപുരം : വിജയദശമിദിനത്തിൽ ആദ്യക്ഷരം കുറിച്ചു കുരുന്നുകൾ. ജില്ലയിലെ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭത്തിനു വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ രാവിലെ പൂജയെടുപ്പിനു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിയത്. പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ 1300 കുട്ടികൾ ആദ്യക്ഷരം കുറിച്ചു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസ പ്രതിഷ്ഠയ്ക്കു മുന്നിലും കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ആര്യശാല ഭഗവതിക്ഷേത്രം, ചെന്തിട്ട ഭഗവതീക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, പണിമൂല ദേവീക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം,
കൊഞ്ചിറവിള ഭഗവതീക്ഷേത്രം, ശിവഗിരി മഠം, അരുവിപ്പുറം മഠം, ചെന്പഴന്തി ശ്രീനാരായണ ഗുരുകുലം, ഭാരതീയ വിചാരകേന്ദ്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ശാന്തിഗിരി ആശ്രമം, രാജ്ഭവൻ, തോന്നയ്ക്കൽ ആശാൻ സ്മാരകം എന്നിവിടങ്ങളിലും പൂജവയ്പ്പും വിദ്യാരംഭവും നടന്നു. സംഗീത, നൃത്ത, ചിത്രകല അരങ്ങേറ്റവും വിവിധ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ മേൽശാന്തിമാരും ആചാര്യ·ാരും സംഗീതഞ്ജരും ചിത്രകാര·ാരും വിദ്യാരംഭത്തിനു നേതൃത്വം നൽകി.
നെയ്യാറ്റിന്‍കര : താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പൂജയെടുപ്പ് ചടങ്ങും വിദ്യാരംഭവും നടന്നു. മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് സ്വാമി മഹേശ്വരാനന്ദ സരസ്വതി നേതൃത്വം നല്കി. നെയ്യാറ്റിന്‍കര ശംഖൊലി മാടന്‍കോവില്‍, മാരായമുട്ടം ശ്രീനീലകേശി ക്ഷേത്രം, ഇറയംകോട് മഹാദേവര്‍ ക്ഷേത്രം, കുറ്റ്യാണിക്കാട് പൊഴിയല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രം ചൂണ്ടിക്കല്‍ ശ്രീഭദ്രകാളി ദേവി ക്ഷേത്രം, ആയയിൽ കരിയിലക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം മുതലായ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം നവരാത്രി മഹോത്സത്തോടനുബന്ധിച്ച് പൂജവയ്പും പൂജയെടുപ്പും വിദ്യാരംഭവും നടന്നു.
പൗർണമിക്കാവിൽ
വിഴിഞ്ഞം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലാ ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പൗർണമി മഹോത്സവം ആരംഭിച്ചു. ഇന്നലെ വിജയദശമിയിൽ നൂറുകണക്കിനു കുരുന്നുകളെ എഴുത്തിനിരുത്തി. അക്ഷരദേവതമാരുടെ മുന്നിൽ ഇരുപതോളം വിദ്യാസമ്പന്നർ ആദ്യാക്ഷരം കുറിക്കാനിരുന്നു. ഡൽഹിയിൽ നിന്നെത്തിയ സ്വാമി മഹാമണ്ഡലേശ്വർ നാരായണാനന്ദ ഗിരി പുസ്തക പൂജ നടത്തി.
പൗർണമി മഹോത്സവം പ്രമാണിച്ച് ഏഴുവരെ തുടർച്ചയായി നട തുറന്നിരിക്കും. നൃത്ത സംഗീത പരിപാടികൾ, ലളിതാ സഹസ്ര നാമ ജപം, ദേവീ മാഹാത്മ്യ പാരായണം, ആധ്യാത്മിക പ്രഭാഷണങ്ങൾ, ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിലിന്റെ ദേവീ ഭാഗവത പാരായണം തുടങ്ങിയവ എല്ലാ ദിവസവും ഉണ്ടായിരിക്കും.
ഇന്നു വൈകുന്നേരം അഞ്ചിനു കാവടി അഭിഷേകം, 6.30ന് കാപ്പുകെട്ട്. അഞ്ചിനു വൈകുന്നേരം അഞ്ചിനു കാവടി ഘോഷയാത്ര, വെങ്ങാനൂർ നെല്ലിവിള ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പൗർണ്ണമിക്കാവിൽ എത്തിച്ചേരും. ശേഷം അഗ്നിക്കാവടി.
ഏഴിനു രാവിലെ പഞ്ചമുഖ ഗണപതി ഹോമം, നാഗർപൂജ. വൈകുന്നേരം ഏഴുമുതൽ വലിയ പൂപ്പട, പുഷ്പാഭിഷേകം, പൂമൂടൽ, തിളച്ച എണ്ണ നീരാട്ട്, മഞ്ഞപ്പാൽ നീരാട്ട്, മഹാഗുരുസി. പൗർണമി മഹോത്സവത്തിനു കെഎസ്ആർടിസി എല്ലാ ജില്ലയിൽനിന്നും ബഡ്ജറ്റ് ടൂറിസം സെൽ വഴി ബസ് സർവീസ് നടത്തുന്നുണ്ട്. പരിപാടികൾ പങ്കെടുക്കുന്നവർ 90378 50001 ബന്ധപ്പെടണമെന്ന് അറിയിച്ചു.
ഡിജിറ്റൽ വിദ്യാരംഭം
നെടുമങ്ങാട്: സൺ എഡ്യൂക്കേഷൻ 25 ഓളം ക്ഷേത്രങ്ങളിൽ ഡിജിറ്റൽ വിദ്യാരംഭം സംഘടിപ്പിച്ചു, ആദ്യാക്ഷരം എഴുതുന്ന നിരവധി കൊച്ചുകൂട്ടുകാർ ഡിജിറ്റൽ ഹരിശ്രീയും കുറിച്ചു. സൺ എഡ്യൂക്കേഷൻ എംഡി ഷമീർ എ. മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു, റെജി സന്തോഷ്, ആസിഫ് ജാൻ, എം.എസ്. സുനിൽ, മിസി യാബ്, സൂര്യഗായത്രി, ഷിബിന രാജ്, നജ്ന ബീഗം, തുടങ്ങിയവർ നേതൃത്വം നൽകി.