വിവിധ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ
1596149
Wednesday, October 1, 2025 2:46 AM IST
നെടുമങ്ങാട്: കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാളെ രാവിലെ ഏഴു മുതൽ വിദ്യാരംഭം നടക്കും. പ്രഫ.ദേശികം രഘുനാഥൻ, നെടുമങ്ങാട് വിഎച്ച്എസ്എസ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി എസ്. നായർ എന്നിവർ ആദ്യാക്ഷരം എഴുതിക്കും.
നെടുമങ്ങാട്: ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രത്തിൽ മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു രാവിലെ എട്ടിനു മഹാമൃത്യുഞ്ജയ ഹോമം, വൈകുന്നേരം 5.30ന് മഞ്ഞൾ അഭിഷേകം, ആറിനു വാഹനപൂജ, ആയുധപൂജ, ഏഴിനു ഭഗവതിസേവ എന്നിവ നടക്കും. നാളെ രാവിലെ 7.30ന് വിദ്യാരംഭം. ആനാട് ഗവ.എൽപിഎസിലെ റിട്ട. ഹെഡ്മാസ്റ്റർ വിജയൻ നായർ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കും.
നെടുമങ്ങാട്: ആനാട് ശ്രീദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്നു പുസ്തകപൂജയും വാഹനപൂജയും നടക്കും. നാളെ രാവിലെ ഏഴിനു വിദ്യാരംഭം. ഭദ്രാപീഠം സ്വാമിയും ക്ഷേത്രം രക്ഷാധികാരി സന്തോഷ്കുമാറും നേതൃത്വം നൽകും. കുട്ടികൾക്ക് തേനുംവയമ്പും വിതരണവുമുണ്ട്.
നെടുമങ്ങാട്: ചെല്ലംകോട് പുതുമംഗലം ദേവിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആരംഭിച്ചു. ഇന്നു വിശേഷാൽ നെയ്വിളക്ക് ആയുധപൂജ, വാഹന പൂജ. നാളെ രാവിലെ ഏഴിനു വിദ്യാരംഭം. ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി. ചക്രപാണി നേതൃത്വം നൽകും. തുടർന്ന് വിദ്യാസരസ്വതി പൂജ നടക്കും.