ക്രിമിനല്‍ക്കേസ് പ്രതി പിടിയില്‍
1595941
Tuesday, September 30, 2025 7:14 AM IST
പേരൂര്‍ക്കട: വിലക്ക് ലംഘിച്ച് തിരുവനന്തപുരം നഗരത്തില്‍ പ്രവേശിച്ചതിന് ക്രിമിനല്‍ക്കേസ് പ്രതിയെ പേട്ട പോലീസ് അറസ്റ്റുചെയ്തു. പുത്തന്‍പാലം സ്വദേശി മെഡിക്കല്‍കോളജ് കലാകൗമുദി റോഡില്‍ വാടകയ്ക്കു താമസിക്കുന്ന അരുണ്‍ (38) ആണ് പിടിയിലായത്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് പോലീസ് ഇയാളെ വീട്ടില്‍നിന്നു പിടികൂടിയത്. 2018-ല്‍ കണ്ണമ്മൂല പാലത്തിനു സമീപത്തുവച്ച് ഒരു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയാണ് അരുണ്‍. നിരന്തരം ക്രിമിനല്‍ക്കേസുകളില്‍ ഏര്‍പ്പെട്ടതോടെ ജില്ലയില്‍ പ്രവേശിക്കരുതെന്നുള്ള ജില്ലാകളക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് ഇയാളെ പിടികൂടിയത്. പോലീസ് വീട്ടിലെത്തുമ്പോള്‍ ഇയാള്‍ കതകടച്ച് ഒളിച്ചിരിക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പേട്ട സിഐ വി.എം. ശ്രീകുമാറും സംഘവുമാണ് പ്രതിയെ വീട്ടില്‍നിന്നു പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.