കുമ്മിയിൽ മാലിന്യം തള്ളൽ വ്യാപകം
1595948
Tuesday, September 30, 2025 7:15 AM IST
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കുമ്മിയില്‍ മാലിന്യം തള്ളൽ വ്യാപകം. ഇരുമ്പയിൽ നിന്നും അരുവിക്കരയിലേക്ക് പോകുന്ന റോഡിൽ കുമ്മി പ്രദേശത്തെ ആളൊഴിഞ്ഞ വളവുകളിലാണ് മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത്. ഇവിടങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചു കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങളടങ്ങുന്ന മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ വാഹനങ്ങളിലെത്തിച്ചാണ് പ്രദേശത്ത് തള്ളുന്നത്. കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ പരസ്യമായി വലിച്ചെറിയുകയാണ്. കാടുപിടിച്ചു കിടക്കുന്ന കുമ്മി പ്രദേശം പകൽ സമയത്ത് പോലും വിജനമാണ്.
മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം യാത്രക്കാർക്ക് അസഹനീയമായി. മാലിന്യങ്ങൾ തിന്നാനെത്തുന്ന തെരുവുനായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. അരുവിക്കര പഞ്ചായത്ത് അധികൃതർ ഈ മേഖലയില്‍ പലപ്രാവശ്യം ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തിയെങ്കിലും വീണ്ടും മാലിന്യങ്ങൾ വലിച്ചെറിയുകയാണ്.
പ്രദേശം കാടുപിടിച്ചു കിടക്കുന്നതു കാരണം വിജനമായ ഇവിടെ മാലിന്യങ്ങൾ തള്ളാൻ എത്തുന്ന അന്യദേശവാസികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. നഗരപ്രദേശങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് അരുവിക്കര, കരകുളം പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽ തള്ളുന്നതും പതിവായി. മഴപെയ്യുമ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും മലിനജലം സമീപത്തെ കരമന ആറ്റിലേക്ക് ഒലിച്ചിറങ്ങുകയാണ്. മാംസാവശിഷ്ടങ്ങളടങ്ങുന്ന മാലിന്യങ്ങൾ തെരുവുനായ്ക്കളും കടിച്ചുവലിച്ച് ആറ്റിലേക്കിടുന്നുണ്ട്. ഇതുകാരണം ജലം മലിനമാവുകയാണ്.