അന്ന് നെല്ല്, ഇന്ന് വാഴയും പച്ചക്കറികളും; ഭുവനേന്ദ്രന്നായര്ക്ക് കൃഷി തന്നെ പ്രധാനം
1595954
Tuesday, September 30, 2025 7:15 AM IST
നെയ്യാറ്റിന്‍കര : വീടിനടുത്തുള്ള വിശാലമായ പാടവും പാടശേഖരത്തില്‍ നിറഞ്ഞു നില്ക്കുന്ന നെല്ക്കതിര്മണികളും വെണ്‍പകല്‍ മഞ്ഞക്കോട് ലക്ഷ്മീനിവാസില്‍ ഭുവനേന്ദ്രന്‍നായരുടെ മനസില്‍നിന്നും ഇന്നും മാഞ്ഞിട്ടില്ല. നാടിന്റെ കാര്‍ഷിക ബോധത്തിന്റെയും സംസ്കാരത്തിന്റെയുമൊക്കെ നന്മ കുറയുന്നു എന്നതിനു തെളിവാണ് നെല്‍കൃഷി അപ്രത്യക്ഷമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചിട്ടും വിശ്രമത്തിനിട നല്‍കാതെ വയലില്‍ പണി ചെയ്യുന്നതിനും പണിക്കാരോടൊപ്പം അധ്വാനിക്കുന്നതിനും സാധിക്കുന്നതു കൃഷിയോടുള്ള നേരടുപ്പത്തിന്റെ വിത്തുകള്‍ കരള്പ്പത്തായത്തില് അദ്ദേഹം പൊന്നുപോലെ കാക്കുന്നതുകൊണ്ടാണ്.
കുട്ടിക്കാലത്തേ ഭുവനേന്ദ്രന്നായര്ക്കു വയലും കൃഷിയുമെല്ലാം ഏറെ പരിചിതം. പിതാവ് ഗംഗാധരന്‍നായര്‍ നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരത്തില്‍ ഭുവനേന്ദ്രന്‍നായര്‍ പഠനത്തിന്റെ ഒഴിവുവേളകളില്‍ സഹായിക്കാന്‍ ചെല്ലാറുണ്ടായിരുന്നു. പിന്നീട് അദ്ദേഹം വെണ്‍പകല്‍ സഹകരണ ബാങ്കില്‍ അപ്രൈസറായി ജോലിയില്‍ പ്രവേശിച്ചു. 33 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്നതിനു മുന്‍പേ സമയം കിട്ടുന്പോഴൊക്കെ കാര്‍ഷിക വൃത്തിയിലും ഏര്‍പ്പെട്ടു.
പിതാവ് കൃഷി ചെയ്തിരുന്ന പാടശേഖരത്തില്‍ ക്രമേണ നെല്‍കൃഷിയുടെ തോതു കുറഞ്ഞു. വാഴയും പച്ചക്കറികളും ഇടം പിടിച്ചു. ഭുവനേന്ദ്രന്‍നായരും ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകനാണ്. ഭാര്യ ശ്രീകലയും മക്കളായ വിഷ്ണുവും ലക്ഷ്മിയും മരുമക്കളായ ഗായത്രിയും ദീപുവും ഇദ്ദേഹത്തിനു പിന്തുണ നല്‍കുന്നുമുണ്ട്. മകളുടെ ഉടമസ്ഥതയിലുള്ള വയലിലാണ് ഭുവനേന്ദ്രന്‍നായര്‍ നിലവില്‍ വാഴയും സലാഡ് വെള്ളരിയും വെണ്ടയുമൊക്കെ കൃഷി ചെയ്തിരിക്കുന്നത്. കൃഷിയിടവും വിളവുമെല്ലാം മനസില്‍ സമ്മാനിക്കുന്നത് സംതൃപ്തിയുടെ നിമിഷങ്ങളാണെന്നാണ് ഭുവനേന്ദ്രന്‍നായരുടെ പക്ഷം.
ഗിരീഷ് പരുത്തിമഠം