ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും അസ്ഥി സാന്ദ്രത നിര്‍ണയവും
1595942
Tuesday, September 30, 2025 7:15 AM IST
പാറശാല: ദേശീയ ആയുര്‍വേദ വാരാഘോഷങ്ങളുടെ ഭാഗമായി പാറശാല ഗവ. ആയുര്‍വേദ ആശുപത്രിയുടെയും പാറശാല ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും അസ്ഥി സാന്ദ്രത നിര്‍ണയവും സംഘടിപ്പിച്ചു.
പാറശാല പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിജു അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആയുര്‍വേദ ഡിഎംഒ ഡോ. മിനി എസ്. പൈ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
പാറശാല ടൗണ്‍ റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി സിദ്ധാര്ഥന് നായര്‍, പ്രസിഡന്റ് വേലപ്പന് നായര്‍, ആശുപത്രി വികസന സമിതി അംഗം എസ്. മധു, ആശുപത്രി മുന്‍ സിഎംഒ ഡോ. സിന്ധുറാണി, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഗോപകുമാര്‍, ആയുര്‍വേദ ആശുപത്രിയിലെ സിഎംഒ ഡോ. വി.ജെ. സെബി എന്നിവര്‍ പങ്കെടുത്തു. ക്യാമ്പില്‍ സൗജന്യ രക്ത പരിശോധന, സൗജന്യ കാഴ്ച പരിശോധന എന്നിവയും ആയുര്‍വേദത്തിലെ ശിശുരോഗ വിഭാഗം, സ്ത്രീകളുടെ വിഭാഗം, നേത്രരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം തുടങ്ങി വിവിധ സ്പെഷാലിറ്റികളുടെ സേവനം ലഭ്യമായിരുന്നു.