നെയ്യാറ്റിന്‍കര നഗരസഭയിൽ "ശാന്തി ഇടം' സജ്ജമാകുന്നു
1596159
Wednesday, October 1, 2025 2:47 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ നിവാസികളുടെ ഏറെ ക്കാലത്തെ ആവശ്യമായ പൊതുശ്മശാനം പ്രവര്‍ത്തന സജ്ജമാകുന്നു. നഗരസഭ പരിധിയിലെ മലഞ്ചാണി മലയിൽ ഉയരുന്ന "ശാന്തി ഇടം' എന്നു പേരായ വാതകശ്മശാനത്തിൽ ഒരേസമയം രണ്ടു മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമുണ്ടാകും.
5,000 ചതുരശ്രയടി വിസ്തൃതിയിലെ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂർണമായും പൂര്‍ത്തീകരിച്ച് ഉടന്‍ തുറന്നുനല്‍കുമെന്ന് നഗരസഭ ചെയര്മാന് പി. കെ. രാജമോഹനന് അറിയിച്ചു.
2024 ഡിസംബർ 11-നാണ് നഗരസഭയിലെ പ്ലാവിള വാർഡിലെ മലഞ്ചാണിമലയിൽ നഗരസഭ വാങ്ങിയ ഒരേക്കറിലേറെ സ്ഥലത്ത് വാതകശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 99 ലക്ഷം രൂപ നിർമാണപ്രവൃത്തികൾക്കായി ആദ്യം നീക്കിവച്ചു. പിന്നീട് ഈ തുക പര്യാപ്തമല്ലെന്നതിനാൽ ഇത്തവണത്തെ ബജറ്റിൽ 85 ലക്ഷം രൂപ അധികമായി അനുവദിച്ചു. മലഞ്ചാണി മലയുടെ ഭൂമിശാസ്ത്രം കണക്കിലെടുത്ത് മണ്ണിടിച്ചിൽ ഒഴിവാക്കിക്കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിയത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള ഹെർമിറ്റ് ഡിസൈൻ സ്റ്റുഡിയോ "ശാന്തി ഇടം' രൂപകല്പന ചെയ്തു. മലയെ മൂന്നു തട്ടുകളായി തിരിച്ചാണു നിർമാണം. "ശാന്തി ഇട'ത്തിന്റെ പ്രധാന കെട്ടിടം മുകളിലത്തെ തട്ടിലാണ്. നാലുകെട്ടിന്റെ രൂപത്തിലുള്ളതാണ് മേൽക്കൂര.
രണ്ടും മൂന്നും തട്ടുകളിലായാണ് പാർക്കിംഗും പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നത്. കെട്ടിടനിർമാണം, വൈദ്യുതീകരണം, പ്ലംബിംഗ് എന്നിവയും പൂർത്തിയായി. ഒരേ സമയം രണ്ടു മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യാനുള്ള പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. വാതക ചിതകളൊരുക്കുന്നതിനായി 56 ലക്ഷം രൂപയാണ് ചെലവിട്ടത്. ഇതിനായുള്ള യന്ത്രസാധനങ്ങളും വാതക പ്ലാന്റും ചെന്നൈയിൽനിന്നും എത്തിച്ചേർന്നു.
ചുറ്റുമതിലിന്റെ യും പൂന്തോട്ടത്തിന്റെയും നിർമാണമാണു നിലവില്‍ പുരോഗമിക്കുന്നത്. മലഞ്ചാണിമലയുടെ ഒരുഭാഗത്തു നിന്നാല്‍ നെയ്യാറ്റിൻകര നഗരത്തിന്റെ ആകാശക്കാഴ്ച കാണാനാകും. ഇവിടെ വ്യൂ പോയിന്റ് നിർമിക്കാനും ഉദ്ദേശമുണ്ട്. പാർക്കിൽ നടപ്പാത നിർമിക്കും. പ്രഭാത, സായാഹ്ന നടത്തത്തിന് ഉപകരിക്കുന്ന തരത്തിലാണ് നടപ്പാത നിർമിക്കുന്നത്. ശ്മശാനത്തിലേക്കുള്ള റോഡു രണ്ടുഘട്ടമായി ടാര്‍ ചെയ്തു. എംഎൽഎ ഫണ്ട്, നഗരസഭാ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.
ഇനി പെരുമ്പഴുതൂരിൽനിന്നു "ശാന്തി ഇട'ത്തിലേക്ക് എത്താനായി പുതിയ റോഡ് നിർമിക്കും. ഇതിനായി സ്ഥലമേറ്റെടുക്കാനുള്ള നടപടിയിലാണ് നഗരസഭ. ശ്മശാനത്തിലെ ഉപയോഗത്തിനാവശ്യമായ വെള്ളത്തിനായി കുഴൽക്കിണർ നിർമിച്ചു. ഈ കുഴൽക്കിണറിൽനിന്ന് മലഞ്ചാണി പ്രദേശത്തെ നാട്ടുകാർക്കായി ടാങ്ക് സ്ഥാപിച്ചു കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള നടപടിയും നഗരസഭ ആരംഭിച്ചുവെന്ന് ചെയർമാൻ പി.കെ. രാജമോഹനൻ അറിയിച്ചു.