കൂടുതൽ ബിഎംബിസി റോഡുകൾ നെടുമങ്ങാട്: പി.എ. മുഹമ്മദ് റിയാസ്
1596163
Wednesday, October 1, 2025 2:47 AM IST
നെടുമങ്ങാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡുകൾ ബി എംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലാണെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ നവീകരിച്ച വേറ്റിനാട് - മത്തനാട് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നെടുമങ്ങാട്ട് ഇതുവരെ 41 റോഡുകളാണ് ഗുണമേന്മയുള്ള ബിഎംബിസി നിലവാരത്തിൽ നവീകരിച്ചത്. വേറ്റിനാട് - മത്തനാട് റോഡിന്റെ നവീകരണത്തിന് 7.33 കോടി രൂപ രണ്ടുഘട്ടമായാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഒരിക്കലും നടക്കില്ല എന്നു പറഞ്ഞ പല വികസനങ്ങളും നാലര വർഷംകൊണ്ടു പൂർത്തിയാക്കുവാൻ കഴിഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും വികസനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
2023-24 ശബരിമല പദ്ധതിയിൽ ഉൾപെടുത്തി 7.33 കോടി രൂപ ചെലവഴിച്ചാണു നവീകരണം പൂർത്തിയാക്കിയത്. കോട്ടയം എംസി റോഡിനെയും തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ടിപി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വേറ്റിനാട് - മത്തനാട് റോഡ്.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയൻ, വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബാബുരാജ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.