എസ്എടി ആശുപത്രിയിൽ കുഞ്ഞുങ്ങളുടെ സംഗമം നടത്തി
1595939
Tuesday, September 30, 2025 7:14 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ചികിത്സയിലൂടെ ഹൃദയതാളം വീണ്ടെടുത്ത കുഞ്ഞുങ്ങളും രക്ഷിതാക്കളും ഡോക്ടര്‍മാര്‍ക്കൊപ്പം ഒത്തുകൂടിയപ്പോള്‍ അതൊരു ഹൃദയ സംഗമമായി. ലോക ഹൃദയദിനത്തില്‍ മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡവലപ്പ്മെന്റ് സെന്റര്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു സംഗമം. ചികിത്സ പൂര്‍ത്തിയാക്കിയ 73 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് സംഗമത്തിനെത്തിയത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. എസ്എടി സൂപ്രണ്ട് ഡോ. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ഹൃദ്യം പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ മുഖ്യാതിഥിയായിരുന്നു.
എസ്എടിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നടന്ന ചികിത്സയില്‍ ഇതുവരെ 1280 കുട്ടികള്‍ക്ക് പുതുജീവന്‍ നല്കി. അതില്‍ 1070 കാര്‍ഡിയാക് ഇന്റര്‍വെന്‍ഷനുകളും 210 ശസ്ത്രക്രിയകളും ഉള്‍പ്പെടുന്നു. പീഡിയാട്രിക് കാര്‍ഡിയാക് ഇന്റര്‍വെന്‍ഷന്‍ തുടങ്ങിയത് 2018-ലാണ്. ഏറ്റവും അവസാനമായി ആറുമാസം പ്രായമുള്ള കുഞ്ഞിനു വരെ ശസ്ത്രക്രിയ നടത്തി. 2024-ല്‍ 299 കാര്‍ഡിയാക് ഇന്റര്വന്ഷനുകളും 43 ശസ്ത്രക്രിയകളുമാണ് പൂര്‍ത്തീകരിച്ചത്.