റോഡ് കൈയേറി ലോറികൾ: അപകടം പതിവ് സംഭവം
1596144
Wednesday, October 1, 2025 2:46 AM IST
മലയിൻകീഴ് : എംഎൽഎ റോഡ് കൈയേറി ലോറികളും ടിപ്പർ ലോറികളും യാത്രക്കാരേയും നിവാസികളേയും ഭീതിയാലാക്കുന്നു. അപകടം പതിവ്. മലയിൻകീഴ് -മലയം - മൊട്ടമൂട് എംഎൽഎ റോഡിലാണ് വാഹനങ്ങളുടെ അനധികൃ പാർക്കിംഗ്.
മൂക്കുന്നിമലയുടെ അടിവാരത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. മൂക്കുന്നിമലയിൽ രണ്ടു വർഷം മുൻപാണു ഖനനം നിരോധിച്ചത്. എന്നാൽ അവിടെ വീണ്ടും ഖനനം തുടങ്ങിയതായി സൂചനയുണ്ട്. വിജിലൻസ് കേസിൽപ്പെട്ട് കുറ്റംപത്രം നൽകിയ ഒരാളുടെ ക്രഷർ യൂണിറ്റ് കേന്ദ്രീകരിച്ച് പാറപ്പൊടി നിർമിച്ചു വിതരണം ചെയ്യുന്നുണ്ട്. ഈ പാറപ്പൊടിയ്ക്കാണ് ടിപ്പർ ലോറികൾ അടക്കം ഇവിടെ എത്തുന്നത്. ഏതാണ്ടു നാലു കിലോമീറ്റർ ദൂരം വരുന്ന റോഡിൽ രണ്ട് കിലോമീറ്ററും വാഹനങ്ങളുടെ നീണ്ട നിരയാണ്. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. ഈ ലോറികളെ കടന്ന് ഇരുചക്രവാഹനം പോലും പോകാൻ കഴിയാത്ത നിലയാണ് ഇപ്പോഴുള്ളത്.
വാഹനങ്ങൾ മൂന്ന് ദിവസം മുൻപേ പാർക്ക് ചെയ്യും. എംസാൻഡ് എടുത്ത് കഴിഞ്ഞാൽ അതേ സ്ഥാനത്ത് അടുത്ത ലോറിവരും. ഒരിക്കൽ ജനജീവിതം തന്നെ ദുസഹമായി മാറിയ മൂക്കുന്നിമലയിൽ ജീവിതം ഒന്നു മെച്ചപ്പെട്ട് തുടങ്ങിയ സാഹചര്യത്തിലാണ് വാഹനങ്ങളുടെ പാർക്കിംഗ് ദുരിതം വിതയ്ക്കുന്നത്. അടുത്തിടെ 14 ൽ അധികം അപകടങ്ങളാണ് ഇവിടെ നടന്നത്. ഈ പാർക്കിംഗ് നിയന്ത്രിക്കാനോ അതു ക്രമീക്കരിക്കനോ ഉടമ തയാറാകുന്നില്ല. പോലീസും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
പൂർണമായും ഖനനവും ക്രഷറിംഗും നിരോധിച്ച ഇവിടെ എം സാൻഡ് നിർമിക്കുന്നത് നിയമ ലംഘനമാണെന്നും ചൂണ്ടികാട്ടപ്പെടുന്നു. അതിനിടെ ഈ യൂണിറ്റിൽ പാറപ്പൊട്ടിക്കൽ നടക്കുന്നതായും നാട്ടുകാർ പറയുന്നു. ക്രഷറിംഗ് നടക്കുന്ന വിവരം ജിയോളജി വകുപ്പിനെ നാട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ അവരും നടപടികൾ എടുക്കുന്നില്ല. അടുത്തിടെയാണ് എംഎൽഎ ഫണ്ടിൽപ്പെടുത്തി റോഡ് നവീകരിച്ചത്. എന്നാൽ വാഹനങ്ങളുടെ അമിതമായ സഞ്ചാരം മൂലം റോഡ് പാടെ തകർന്നു.
ഖനന യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയതോടെ മൂക്കുന്നിമലയിലെ വാനരന്മാർ കൂട്ടത്തോടെ മലയിറങ്ങി തുടങ്ങി. ഇവർ സമീപത്തെ വീടുകളിലെത്തി അതിക്രമങ്ങൾ കാട്ടുന്നുണ്ട്. ഖനനം നിറുത്തി വച്ചിരുന്ന സാഹചര്യത്തിൽ വാനരന്മാർ വീടുകളിൽ എത്താറില്ലായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമായി വിജിലൻസ് ചൂണ്ടിക്കാട്ടിയത് ഖനനം നടക്കുന്നതിലൂടെ വരുന്ന വാനരശല്യത്ത കുറിച്ചാണ്.