കോവളത്തെ വയോധികന്റെ മരണം കൊലപാതകം
1595953
Tuesday, September 30, 2025 7:15 AM IST
കോവളം: അസ്വാഭാവിക മരണമെന്നു കരുതിയ വയോധികന്റെ മരണം കൊലപാതകം. പ്രതി പിടിയിൽ. കോവളത്ത് വീടിന്റെ ടെറസിൽ മരിച്ചു കിടന്നയാളുടെ മരണമാണ് കൊലപാതകമെന്നു തെളിഞ്ഞത്. സംഭവത്തിൽ കോവളം നെടുമം മുക്കോണംവിള വീട്ടിൽ രാജീവി(42)നെ കോവളം പോലീസ് അറസ്റ്റു ചെയ്തു. വർഷങ്ങൾക്കു മുൻപേയുള്ള പ്രതിയുടെ മനസിലെ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറയുന്നു.
17നു രാവിലെയാണ് കോവളം മുസ്ലീം പള്ളിക്കു സമീപം പറമ്പിൽവീട്ടിൽ രാജേന്ദ്ര (62) നെ സഹോദരി ലേഖയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്ത് എത്തുമ്പോൾ മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കം ഉള്ളതായി കണ്ടെത്തിയിരുന്നു. രാജേന്ദ്രൻ മദ്യപാന ശീലമുള്ള ആളായയതിനാലും പരാതിക്കാർ ഇല്ലാത്തതിനാലും പോലീസ് മരണത്തിൽ സംശയം പ്രകടിപ്പിച്ചില്ല. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ഗുരുതരമായ ക്ഷതമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു പുനരന്വേഷണം നടത്തിയത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കളുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തെങ്കിലും ആദ്യം ഒരു തുമ്പും കിട്ടിയില്ല. എന്നാൽ പ്രദേശത്തെ ഏതാനും പേരെ ചോദ്യം ചെയ്യാൻ വിളിച്ചതിൽ പ്രതിയും ഉണ്ടായിരുന്നു. പല ഘട്ടങ്ങളിലായി പോലീസ് ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്.
പ്രതിയുടെ ശരീരത്തിലെ നഖങ്ങളുടെ പാടുകളും കൈയിലെ ക്ഷതവും സംബന്ധിച്ചു പോലീസിനോട് ആദ്യം കള്ളം പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കേസ് സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: മരണപ്പെട്ട രാജേന്ദ്രനും പ്രതിയും സമീപവാസികളാണ്. ഇരുവരും മദ്യപാനികളാണ്.
നഗരത്തിലെ ഒരു ഹോട്ടലിലെ ഷെഫ് ആയിരുന്നു കൊല്ലപ്പെട്ട രാജേന്ദ്രൻ. ഭാര്യയുമായി വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്ന ഇയാൾ സഹോദരിയുടെ വീട്ടിലെ ടെറസിലാണ് പലപ്പോഴും കിടന്നിരുന്നത്. ഇക്കഴിഞ്ഞ 14നു വൈകുന്നേരം ഏഴോടെ രാജേന്ദ്രൻ പ്രതിയുടെ വീട്ടിൽ പോകുകയും അമ്മയായ ഓമനയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഈ സമയം പ്രതി വീടിനകത്തു കിടക്കുകയായിരുന്നു. കാര്യം തിരക്കിയിട്ടും അമ്മ മറുപടി നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ പ്രതിക്ക് വൈരാഗ്യമായി. അന്നുതന്നെ രാത്രി 10 മണിയോടെ രാജീവ്, രാജേന്ദ്രനെ അന്വേഷിച്ച് ടെറസിന്റെ മുകളിൽ കയറുകയും വാക്കേറ്റമുണ്ടാവുക യുമായിരുന്നു.
ശ്രീകൃഷ്ണ ജയന്തി ദിനമായതിനാൽ സമീപവാസികൾ ആരും തന്നെ ഇല്ലാത്തതിനാൽ മറ്റാരും ബഹളം കേട്ടതുമില്ല. വാക്കേറ്റത്തിനിടയിൽ പ്രതി രാജേന്ദ്രന്റെ കഴുത്തിനു കുത്തിപ്പിടിച്ച് ഇരുകൈകൾ കൊണ്ടും കഴുത്തിൽ ശക്തിയോടെ അമർത്തിപ്പിടിച്ചു. ശ്വാസംമുട്ടി അനക്കമില്ലാതായതോടെ പ്രതി അവിടെ നിന്നും കടന്നു കളയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.