സ്മാര്‍ട്ട് കൃഷി ഭവന് നിര്‍മാണം : തുകയും സ്ഥലവും അനുവദിച്ചു; നടപടികളില്‍ അനിശ്ചിതത്വം ബാക്കി
1595949
Tuesday, September 30, 2025 7:15 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ കൃഷിഭവന് പുതിയ കെട്ടിടത്തിന് സ്ഥലം അനുവദിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നു. നിലവിലെ കൃഷി ഭവന് പ്രവര്‍ത്തിക്കുന്ന പൊളിഞ്ഞ കെട്ടിടത്തില്‍ പ്രതികൂല കാലാവസ്ഥകളില്‍ ആശങ്കയോടെയാണു ജീവനക്കാര്‍ കഴിയുന്നത്. ഇനിയും എത്രകാലം ഈ അവഗണന തുടരുമെന്നാണു കര്‍ഷകരുടെ ചോദ്യം.
ഒരു കോടിയിലധികം രൂപ ചെലവഴിച്ചു പുതിയ കൃഷി ഭവനും അനുബന്ധ സംവിധാനങ്ങളും സാക്ഷാത്കരിക്കാന്‍ പ്രാഥമിക തീരുമാനമായപ്പോള്‍ കര്‍ഷകരും ജീവനക്കാരുമെല്ലാം ഏറെ ആശ്വസിച്ചു. നെയ്യാറ്റിന്‍കര നഗരസഭയുടെ പരിധിയില്‍ പവിത്രാനന്ദപുരം പ്രീ- മെട്രിക് ഹോസ്റ്റലിനു സമീപത്തെ പത്തു സെന്റ് വസ്തുവിലാണ് പുതിയ സ്മാര്‍ട്ട് കൃഷി ഭവന് കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്.
കേരള ലാന്‍ഡ് ഡവലപ്പമെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ബോര്‍ഡിനാണ് നിര്‍മാണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയത്തും നിലവിലെ കൃഷി ഭവന് ചോര്‍ന്നൊലിച്ചതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ വകുപ്പിന്റെ കെട്ടിടത്തിലാണ് കൃഷി ഭവന് പ്രവര്‍ത്തിക്കുന്നത്. കൃഷി ഭവന്റെ ദയനീയാവസ്ഥ നേരത്തെയും "ദീപിക' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.