മാതൃകാ സായംപ്രഭ പകല്‍വീട്ടില്‍ സൗഹൃദാന്തരീക്ഷത്തില്‍ വയോജനങ്ങള്‍
1596148
Wednesday, October 1, 2025 2:46 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയിലെ പുത്തനന്പലം വാര്‍ഡിലെ മാതൃകാ സായംപ്രഭ പകല്‍വീട്ടില്‍ 22 വയോജനങ്ങളുണ്ട്. ആയുസിന്റെ പുസ്തകത്തില്‍ അറുപതിനു മേലെ പ്രായമുള്ളവര്‍. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ അവര്‍ പരസ്പരം മിണ്ടിയും വിശേഷങ്ങള്‍ പങ്കിട്ടും സ്വന്തം അഭിരുചികളില്‍ മുഴുകിയും സന്തോഷത്തോടെ കഴിയുന്നു. 2018 ല്‍ ആരംഭിച്ച പകല്‍വീട് പേര് സൂചിപ്പിക്കുന്നതുപോലെ പകല്‍ മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പകല്വീടിനും അവധിയാണ്.
രാവിലെ അമ്മമാരെ വിളിച്ചുകൊണ്ടുവരാനും തിരികെ വൈകുന്നേരം വീടുകളിലെത്തിക്കാനും വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥാവകാശത്തിലുള്ള പകല്‍വീട്ടിലെ സാന്പത്തിക സഹായം സാമൂഹ്യനീതി വകുപ്പും നഗരസഭയും നല്കുന്നു. നടത്തിപ്പ് ചുമതല ഹെല്‍പ്പേജ് ഇന്ഡ്യയ് ക്കാണ്. മാനേജര്‍ അനീഷിനെ കൂടാതെ ഫിസിയോ തെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ കം കുക്ക്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനവും പകല്‍വീട്ടില്‍ ലഭ്യമാണ്.
21 വനിതകളും ഒരു പുരുഷനുമാണ് നിലവിലുള്ളത്. ഇവര്‍ക്കുള്ള ആഹാരം പകല്‍വീട്ടില്‍ പാചകം ചെയ്യുന്നു. മാസത്തില്‍ രണ്ടു തവണ വീതം അലോപ്പതിയുടെയും ഹോമിയോപ്പൊതിയുടെയും സൗജന്യ മെഡിക്കല്‍ ക്യാന്പും ആഴ്ചയിലൊരു ദിവസം യോഗ പരിശീലനവും നല്‍കുന്നുണ്ട്. സാംസ്കാരിക അരങ്ങുകളിൽ വയോജനങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കാറുമുണ്ട്.
സ്വന്തം ലേഖകന്‍