കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു
1595938
Tuesday, September 30, 2025 7:14 AM IST
കാട്ടാക്കട: കാട്ടാക്കടയിൽനിന്നും പേയാട് പള്ളിമുക്ക് വഴി കുലശേഖരം- വട്ടിയൂർക്കാവിലേക്ക് പുതുതായി കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. പേയാട് - വട്ടിയൂര്‍ക്കാവ് ഭാഗങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന കുലശേഖരം പാലം യാഥാർഥ്യമായതോടെയാണ് ഇവിടുത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിനു പരിഹാരമായത്.
സംസ്ഥാന സർക്കാരിന്റെ വികസന ഫണ്ടിൽ നിന്നും 12.5 കോടി രൂപ ചെലവഴിച്ച് 165 മീറ്റര്‍ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. ഇതോടെ പേയാട്, കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാ ദൂരം 10 കിലോമീറ്ററോളം കുറയ്ക്കാനും കഴിഞ്ഞു. രാവിലെ 6.05ന് കാട്ടാക്കട ഡിപ്പോയിൽനിന്നു പുറപ്പെടുന്ന ബസ് കുലശേഖരം- വട്ടിയൂർക്കാവ് വഴി കിഴക്കേ കോട്ടയിലെത്തിച്ചേരും. തുടർന്ന് 7.20ന് തിരിച്ച് കാട്ടാക്കടയിലേക്ക്. ഒരുമണിക്കൂർ ഇടവിട്ട് രാത്രി 9.30വരെ സർവീസുണ്ടായിരിക്കും. ഐ.ബി. സതീഷ് എംഎൽഎ സർവീസ് ഉദ്ഘാടനം നിർവഹിച്ചു.