പെർഫോമൻസ് ഓഡിറ്റ് നിർത്തിയാൽ അഴിമതിയും കൊള്ളയും വർധിക്കുമെന്നു രമേശ് ചെന്നിത്തല
1595950
Tuesday, September 30, 2025 7:15 AM IST
തിരുവനന്തപുരം: പെർഫോമൻസ് ഓഡിറ്റ് നിർത്തലാക്കിയാൽ അഴിമതിയും കൊള്ളയും വർധിക്കുമെന്നു കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളിൽ പെർഫോമൻസ് ഓഡിറ്റ് നിർത്തലാക്കുന്നതിനെതിരെയും ഇതിന്റെ മറവിൽ സെക്രട്ടേറിയറ്റിലെ 45 തസ്തികകൾ വെട്ടിക്കുന്നതിനെതിരെയും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ തദ്ദേശ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നതോടെ ജനപ്രതിനിധികൾക്കു കൂടുതൽ അധികാരമായി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികൾ ജനങ്ങളുടെ താല്പര്യമനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്. അതിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ് ധനവിനിയോഗം. കൂടുതൽ സാന്പത്തിക സ്വാതന്ത്ര്യം കിട്ടിയതു ദുരുപയോഗം ചെയ്യാതിരിക്കാനാണ് പെർഫോമൻസ് ഓഡിറ്റ് നടപ്പാക്കിയത്. അതില്ലാതായാൽ പഞ്ചായത്തിരാജ് സംവിധാനത്തിന്റെ അന്തസത്തയെ തന്നെ തകർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ പട്ടികജാതിക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിക്കുകയും അതിൽ അഴിമതി നടത്തുകയും ചെയ്തു. പല തദ്ദേശ സ്ഥാപനങ്ങളിലും സർക്കാർ കൊടുക്കുന്ന ഗ്രാന്റും പണവും വേണ്ട രീതിയിൽ വിനിയോഗിക്കാതെ കട്ടുമുടിക്കുന്നതു തടയുന്നതിലാണ് പെർഫോമൻസ് ഓഡിറ്റെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എം. എസ്.ഇർഷാദ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.പി പുരുഷോത്തമൻ, എസ്.പ്രദീപ് കുമാർ, സി.ഡി ശ്രീനിവാസ്, കെ.എം അനിൽകുമാർ, ബി.നൗഷാദ്, എ.സുധീർ, ജി.ആർ ഗോവിന്ദ്, ആർ.രാമചന്ദ്രൻ നായർ, സുരേഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.