തോട്ടില്‍വീണ വയോധികനെ രക്ഷപ്പെടുത്തി
1596146
Wednesday, October 1, 2025 2:46 AM IST
പേരൂര്‍ക്കട: മദ്യലഹരിയില്‍ തോട്ടില്‍വീണ വയോധികനെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. 65 വയസു പ്രായം തോന്നിക്കുന്നയാളാണ് ആമയിഴഞ്ചാന്‍ തോട് ഒഴുകുന്ന പവര്‍ഹൗസ് റോഡ് ഭാഗത്ത് വീണത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇതുവഴി കടന്നുപോകുന്ന പൈപ്പിന്റെ ഇടയിലൂടെ ഇയാൾ താഴേക്കു വീണത്. തോട്ടിലെ വെള്ളത്തില്‍ ഒരാള്‍ കിടക്കുന്നതുകണ്ട ഓട്ടോറിക്ഷാ തൊഴിലാളികളാണ് വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്.
തിരുവനന്തപുരം നിലയത്തില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ പ്രദോഷ്, ഫിറോസ്, ജസ്റ്റിന്, പ്രവീണ്‍, എഫ്ആര്‍ഒ ഡ്രൈവര്‍ സുമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. പുറത്തെത്തിച്ച വയോധികനു പരിക്കില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയുടെ ആവശ്യമുണ്ടായില്ല. ബോധം വീണ്ടെടുത്ത ഇയാള്‍ പിന്നീട് ഇവിടെനിന്നു മടങ്ങിപ്പോയി.