ലിഫ്റ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
1596547
Friday, October 3, 2025 6:26 AM IST
പേരൂര്‍ക്കട: ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ 10 പേരെ തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. പുളിമൂട് എം.ജി റോഡില്‍ രാജധാനി ബില്‍ഡിംഗ്സിലെ ലിഫ്റ്റില്‍ കുടുങ്ങിയവരെയാണ് രക്ഷിച്ചത്.
ഇതേ ബില്‍ഡിംഗ്സില്‍ പുതുതായി ആരംഭിച്ച ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ടെ 10 പേര്. ഒമ്പതാം നിലയിലായിരുന്നു ഉദ്ഘാടനപരിപാടി.
ചടങ്ങിനായി മുകളിലേക്കു പോകാന്‍ ലിഫ്റ്റില്‍ കയറിയ ഉടനെ സെല്ലാറിനും ഗ്രൗണ്ട് ഫ്ളോറിനുമിടയില് ലിഫ്റ്റ് നിന്നുപോകുകയായിരുന്നു. അമിതമായി വൈദ്യുത പ്രവഹിച്ച് ഫ്യൂസ് ഉരുകിപ്പോയതാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം.
തിരുവനന്തപുരം സ്റ്റേഷനില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ സിജിന്‍, ഹരിലാല്‍, വിവേക്, സനിത്ത്, എഫ്ആര്‍ഒ ഡ്രൈവര്‍ സജി എന്നിവര്‍ ചേര്‍ന്ന് ലിഫ്റ്റിന്റെ ഡോറുകള്‍ പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത്.