അറിവിന്റെ ലോകത്തേക്ക്...
1596542
Friday, October 3, 2025 6:22 AM IST
വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ...
നേമം: വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കരുമം പാപ്പനംകോട്, പുഴിക്കുന്ന്, വെള്ളായണി നേമം, തൃക്കണ്ണാപുരം, കല്ലിയുർ, വിഴവൂർ, പ്രാവച്ചമ്പലം, മൊട്ടമൂട്, നരുവാമൂട് തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും വിവിധ സാംസ്കാരി സംഘടനകളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. പ്രദേശത്തെ ക്ഷേത്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടു. ആദ്യാക്ഷരം കുറിച്ച കുരുന്നുകൾ ഗുരുക്കന്മാർക്കു ദക്ഷിണ നൽകി പ്രസാദവും വാങ്ങിയാണ് മടങ്ങിയത്.
വെള്ളായണി ദേവീക്ഷേത്രം, പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡി ദേവിക്ഷേത്രം, മടത്തിൽ ക്ഷേത്രം, തുമരിമുട്ടം മഹാവിഷ്ണക്ഷേത്രം, പൂഴിക്കുന്ന് തൃക്കണ്ണാപുരം ക്ഷേത്രം, നേമം മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് ആദ്യാക്ഷരം കുറിച്ചു.
ഇടഗ്രാമം അരകത്ത് ദേവിക്ഷേത്രത്തിൽ മേൽശാന്തി എ.എസ് കേശവൻ നന്പൂതിരി, പാപ്പനംകോട് അനന്തപുരി മോഡൽ സ്കൂളിൽ പ്രിൻസിപ്പൽ എസ്.കെ. ശ്രീന തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വെള്ളായണി ദേവീ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം മേൽ ശാന്തി ചടങ്ങുകൾക്കു നേതൃത്വം ന ൽകി. ക്ഷേത്രം ഇളയവാത്തിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ആദ്യാക്ഷരം കുറിച്ചു.
പാറശാല: പാറശാല മുര്യങ്കര ഇലങ്കം ഭുവനേശ്വരി ദേവി ക്ഷേത്രം, പാറശാല ശ്രീ മഹാദേവര്‍ ക്ഷേത്രം, പരശുവയ്ക്കല്‍ പൊന്നംകുളം ദേവി ക്ഷേത്രം, ഉദിയന്‍കുളങ്ങര പലവകുളങ്ങര ശ്രീ മഹാദേവര്‍ ക്ഷേത്രം, പവതിയാന്‍വിള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, അയ് ങ്കാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ വിദ്യാരംഭം നടന്നു. മുര്യങ്കര ഇലങ്കം ഭുവനേശ്വരി ദേവിക്ഷേത്രത്തില്‍ മേല്‍ശാന്തി രമേശന് പോറ്റിയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭം കുറിച്ചു.
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾ വെമ്പായം വാദ്ധ്യാർമഠം ലക്ഷ്മീ നാരായണൻ പോറ്റിയുടെ നേതൃത്വത്തിൽ നടന്നു. ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി ചേന്നമന പ്രശാന്ത് കാർമ്മികത്വം വഹിച്ചു.
നന്ദിയോട് വാഴപ്പാറ ശ്രീവനദുർഗ മഹാഗണപതി തമ്പുരാൻ ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾ ക്ഷേത്രം തന്ത്രി നാരായണൻ രമേശൻ പോറ്റിയുടെ കാർമ്മികത്വത്തിലും ആലംപാറ ദേവീക്ഷേത്രത്തിൽ മേൽശാന്തി സുഭാഷ് ഭാർഗവൻ പോറ്റിയുടെ നേതൃത്വത്തിലും ചെല്ലഞ്ചി ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി രാമൻ പോറ്റിയുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.
വലിയ താന്നിമൂട് ശ്രീ ആയിരവില്ലി മഹാദേവർ ക്ഷേത്രത്തിൽ വൈക്കം ത്യാഗരാജൻ പോറ്റിയുടേയും ഡോ. എസ്. പ്രതാപന്റെയും നേതൃത്വത്തിൽ വിദ്യാരംംഭ ചടങ്ങുകൾ നടന്നു.
കൂട്ടത്തികരിക്കകം ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിൽ ഡോ. പി.എൻ. ഷൈജുവിന്റെ നേതൃത്വത്തിലും നന്ദിയോട് പച്ച തേവരുകോണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി പേരില്ലം ഷിജുവിന്റെ നേതൃത്വത്തിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വെമ്പിൽ മണലയം ശിവക്ഷേത്രത്തിൽ ശശികുമാരൻ നായർ, രാധ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഭം നടന്നു.
ചൂണ്ടാമല ശ്രീ ആയിരവില്ലി ക്ഷേത്രം, പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രം, പെരിങ്ങമ്മല കൊല്ലരുകോണം മേലാംകോട് ദേവീക്ഷേത്രം, ചെല്ലഞ്ചി ഭഗവതി ക്ഷേത്രം, പുലിയൂർ ശിവക്ഷേത്രം, പേരയം നീലിമല ക്ഷേത്രം കൂടാതെ വിവിധ ശ്രീനാരായണ ഗുരു മന്ദിരം എന്നിവിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു.
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ വിജയദശമിയും, വിദ്യാരംഭവും സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. മണലൂര്‍ ജി.എസ്. അരുണും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി നടത്തി. തുടര്‍ന്നു വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും നടന്നു. ഇതിനോടനുബന്ധിച്ച് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷനും ആരംഭിച്ചു.