അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ 60കാരൻ അറസ്റ്റിൽ
1596544
Friday, October 3, 2025 6:22 AM IST
പേരൂര്‍ക്കട: അമ്മയെയും മകളെയും വീട്ടിലിട്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കന്റോൺമെന്റ് പോലീസ് അറസ്റ്റുചെയ്തു. കുന്നുകുഴി വിവേകാനന്ദ നഗര്‍ ടിസി 27/325 എസ്ആര്‍എ 45-ല്‍ ജോണി (60) ആണ് അറസ്റ്റികുന്നുകുഴി എ.കെ.ജി സെന്റര്‍ വിവേകാനന്ദ നഗറിൽ താമസിക്കുന്ന സെറാഫിന്റെ മകള്‍ ഷെര്‍ളി (30) യുടെ പരാതിയിലാണ് അറസ്റ്റ്.
സംഭവദിവസം സെറാഫിനും ഷെര്‍ളിയും വീട്ടിലിരിക്കുമ്പോള്‍ മീന്‍ വെട്ടുന്ന കത്തിയുമായി എത്തിയ ജോണി ഇരുവരെയും അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. അതിനുശേഷം സെറാഫിനെ ആക്രമിക്കാനുള്ള ശ്രമവും ഷെര്‍ളി തടഞ്ഞു.
ഇതിന്റെ വിരോധത്തില്‍ ജോണി കൈവശമിരുന്ന കത്തി ഉപയോഗിച്ച് ഷെര്ളിയുടെ തലയില്‍ വെട്ടി. വെട്ടുകൊണ്ട് നിലത്തുവീണ ഇവരെ വീണ്ടും അസഭ്യം പറയുകയും മർദിക്കുകയും ചെയ്തശേഷമാണ് ഇയാള്‍ തിരികെപ്പോയത്. ആക്രമണത്തിനിടെ സെറാഫിനും കത്തികൊണ്ടു മുറിവേറ്റു.
ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സെറാഫിനുമായി പ്രതിക്ക് നേരത്തെയുണ്ടായിരുന്ന വ്യക്തിവിരോധമാണു ആക്രമണത്തിനു കാരണമായത്. കന്റോൺമെന്റ് സിഐ പ്രജീഷ് ശശി, എസ്ഐ എം. മധുമോഹന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസന്വേഷണം പൂര്‍ത്തീകരിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.