വീടിനുമുന്നിൽ നിർത്തിയിരുന്ന സ്കൂട്ടർ കത്തിനശിച്ചു
1596538
Friday, October 3, 2025 6:22 AM IST
കാട്ടാക്കട: വീട്ടിൽ മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിയമർന്നു. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പലത്തിൻകാല പാപ്പനം ശരത്തിന്റെ എടവിളാകത്ത് വീട്ടിൽ വ്യാഴാഴ്ച പുലർച്ചെയാണു സംഭവം.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ശരത് പതിവുപോലെ വാഹനം വീടിനു സമീപത്ത് നിർത്തിയശേഷം വീട്ടിലേക്ക് കയറി. തുടർന്ന് രാത്രി ഒരു മണിയോടെയാണ് വീടിന്റെ ജനൽചില്ല് വലിയ ശബ്ദത്തോടെ പൊട്ടിയതിനെത്തുടർന്നാണ് തീ കത്തുന്ന വിവരം വീട്ടുകാർ അറിയുന്നത്.
പുറത്തേക്കിറങ്ങി നോക്കുമ്പോഴേക്കും വാഹനം കത്തിയമർന്നു. മൂന്നു ലിറ്ററോളം പെട്രോൾ നിറച്ചിരുന്നതു കാരണം പൊട്ടിത്തെറി പേടിച്ച് ശരത്തും വീട്ടുകാരും കത്തുന്ന വാഹനത്തിന് അടുത്തേക്ക് പോകാൻ ഭയപ്പെട്ടു.
തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. പോലീസ് എത്തി പരിശോധന നടത്തി തുടർ നടപടികൾ ആരംഭിച്ചു. മൂന്നുമാസം മുൻപ് വാങ്ങിയ പുതിയ വാഹനമാണ് കത്തി അമർന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കാട്ടാക്കട പോലീസ് പറഞ്ഞു.