അമീബിക് മസ്തിഷ്കജ്വര പ്രതിരോധം : പനങ്ങാട്ടെ കുടിവെള്ള സ്രോതസുകൾ ശുചീകരിക്കും
1587352
Thursday, August 28, 2025 5:51 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വര പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി പനങ്ങാട് പഞ്ചായത്ത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിക്കുന്ന "ജലമാണ് ജീവൻ' ക്യാമ്പയിനിൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ 30, 31 തീയതികളിലായി പഞ്ചായത്തിലെ എല്ലാ വീടുകളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും.
ശേഷം, പൊതു കുടിവെള്ള സംവിധാനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലും വാട്ടർ ടാങ്കുകൾ അടക്കം ശുചീകരിച്ച് ക്ലോറിനേറ്റ് ചെയ്യും. ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്ക് പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. അജിത്ത് ലാൽ, ഡോ. ശൃംഗാ ശിവാനന്ദ്, ഹെൽത്ത് സൂപ്പർവൈസർ രാകേഷ്, ഹരിത കേരളം മിഷൻ കോഡിനേറ്റർ കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.