റാപ്പ് മാന്ത്രികൻ റഫ്താർ ആദ്യമായി കോഴിക്കോട്
1587355
Thursday, August 28, 2025 5:51 AM IST
കോഴിക്കോട്: വേദിയിലെ തീപ്പൊരി പ്രകടനം കൊണ്ട് പ്രേക്ഷകരെ ഇളക്കിമറിക്കാൻ ഇന്ത്യൻ റാപ്പ് മാന്ത്രികൻ റഫ്താർ കോഴിക്കോടെത്തുന്നു. "സ്വാഗ് മേരാ ദേശി ഹേ', "ധുപ് ചിക് ഹോരി സേ' തുടങ്ങി ഹിറ്റുകളിലൂടെ പ്രശസ്തനായ റഫ്താർ ആദ്യമായാണ് കോഴിക്കോട് ഷോ നടത്തുന്നത്.
സംസ്ഥാന സര്ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025ന്റെ ഭാഗമായി സെപ്റ്റംബർ നാലിന് ലുലു മാളിലാണ് പരിപാടി. ദിലിൻ നായർ എന്ന യഥാർത്ഥ പേരുള്ള മലയാളി താരമായ റഫ്താർ നടൻ, നർത്തകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ടിവി ഫെയിം എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനംകവർന്ന കനേഡിയൻ ഗായിക ജൊനിത ഗാന്ധി സെപ്റ്റംബർ അഞ്ചിന് ഇതേ വേദിയിൽ പരിപാടി അവതരിപ്പിക്കും. ഓകെ കൺമണിയിലെ മെന്റൽ മനതിൽ, വേലൈക്കാരനിലെ ഇരൈവാ, ഡോക്ടർ എന്ന ചിത്രത്തിലെ ചെല്ലമാ, ബീസ്റ്റിലെ അറബി കുത്ത് തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായികയാണ് ജൊനിത.
ആറിന് സംഗീത ലോകത്തെ സ്വരരാജാവ് സിദ് ശ്രീറാം സംഗീത പരിപാടി അവതരിപ്പിക്കും. വേറിട്ട ആലാപന ശൈലിയിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത് ഇന്ത്യൻ സംഗീത രംഗത്ത് ചുവടുറപ്പിച്ച പിന്നണി ഗായകൻ സിദ് ആദ്യമായാണ് കോഴിക്കോട് പരിപാടി അവതരിപ്പിക്കുന്നത്.
തല്ലുമാല സിനിമയിലെ മണവാളൻ തഗ് പാട്ടിലൂടെ ചലച്ചിത്ര പിന്നണി ഗായകനായി മാറിയ ഇന്ത്യൻ റാപ്പർ ഡബ്സിയും പിന്നണിഗായിക ശക്തിശ്രീ ഗോപാലനും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടിയിലൂടെയാണ് സെപ്റ്റംബർ ഒന്നിന് ലുലു മോളിലെ വേദി ഉണരുക.
രണ്ടിന് വേദിയിൽ കെ. എസ് ചിത്രയുടെ സംഗീത പരിപാടിയും മൂന്നിന് മസാല കോഫി, ഹനാൻഷ ബാൻഡുകളുടെ പരിപാടിയും നടക്കും. ലുലു മാൾ വേദിയിലെ ഷോകളിലേക്ക് മാവേലിക്കസ് ആപ്പ് വഴി ടിക്കറ്റ് എടുത്താണ് പ്രവേശനം. 250 രൂപയാണ് ടിക്കറ്റ് വില.
https://play.google.com/store/apps/details?id=com.conferenceprime.mavelicus ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം.