ഉച്ചഭക്ഷണത്തിന് ഇനി സ്കൂളിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ
1587357
Thursday, August 28, 2025 5:51 AM IST
മുക്കം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷമയമായ പച്ചക്കറികളെ ആശ്രയിക്കാതെ ഉച്ചഭക്ഷണത്തിന് സ്കൂളിൽ തന്നെ പച്ചക്കറി വിളയിക്കാൻ തുടക്കമിട്ട് പന്നിക്കോട് എയുപി സ്കൂൾ. സ്കൂളിലെ മഴമറ ഉപയോഗപ്പെടുത്തിയാണ് കൃഷിക്ക് തുടക്കമിട്ടത്. കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കും പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച യുവകർഷകനായ സുനീഷും ആവശ്യമായ തൈകൾ സൗജന്യമായി നൽകുകയായിരുന്നു.
വെണ്ട, വഴുതിന, തക്കാളി, പയർ ഉൾപ്പെടെയുള്ളവയാണ് പ്രധാനമായും കൃഷി ചെയ്തത്. കൃഷിയുടെ പരിപാലനം വിദ്യാർഥികളും യുവ കർഷകൻ സുനീഷുമാണ് ഏറ്റെടുത്തിരിക്കുന്നത്. പൂർണമായും ജൈവ രീതിയിലായിരിക്കും കൃഷി.
കൃഷിയുടെ തൈ നടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാബു പൊലുകുന്ന്, കൃഷി അസിസ്റ്റന്റ് ബീന, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി.
മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, സി.ഹരീഷ്, പ്രധാനാധ്യാപിക വി.എൻ സജ്നി, പിടിഎ വൈസ് പ്രസിഡന്റ് ഷക്കീർ വാവ, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം കളൻതോട്, പിടിഎ കമ്മിറ്റി അംഗങ്ങളായ സംഗീത, ചെജീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.