കൂരാച്ചുണ്ടിലെ കെട്ടിട നിർമാണം; അപേക്ഷകളിൽ നടപടി സ്വീകരിക്കും
1587358
Thursday, August 28, 2025 5:51 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ടൗണിൽ ഭൂമി വിട്ടുനൽകിയ ഭൂവുടമകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി നൽകിയിട്ടുള്ള അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനം.
ഇതു സംബന്ധിച്ച് ഇന്നലെ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഒ.കെ. അമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മലയോര ഹൈവേ നിർമാണത്തിനായി ഭൂമി വിട്ടു നൽകിയവർ കെട്ടിടങ്ങൾ പുനർനിർമാണം നടത്താൻ പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ നിർമാണത്തിനുള്ള അനുമതിക്കായി പഞ്ചായത്ത് തടസം ഉന്നയിച്ചതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ റോഡ് നിർമാണത്തിനായി ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം അധികൃതർ ഉടമകളിൽ നിന്നും വാങ്ങുമ്പോൾ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ നൽകിയ ഉറപ്പു പ്രകാരം കെട്ടിടങ്ങൾ പുനർ നിർമിക്കുമ്പോൾ ചട്ടപ്രകാരം റോഡിൽ നിന്നുള്ള മൂന്ന് മീറ്റർ ദൂരം എന്നുള്ളതിൽ ഇളവുകൾ അനുവദിക്കുമെന്ന് അന്ന് പഞ്ചായത്ത് ഉറപ്പു നൽകിയിരുന്നു. 2019-ലെ കെട്ടിട നിർമാണ ചട്ടങ്ങളിലെ 77 മുതൽ 82 വരെയുള്ള ചട്ടങ്ങൾ പ്രകാരമുള്ള ഇളവുകൾ കെട്ടിടനിർമാണത്തിനായി ലഭിക്കുമെന്നും അറിയിച്ചു.
ഇളവുകൾ അനുവദിക്കുന്നതിനുള്ള പ്രത്യേക സമിതിയുടെ പരിഗണനക്കായി അപേക്ഷകൾ സമർപ്പിക്കുന്നതാണ്.
പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായുള്ള സമിതിയുടെ യോഗം അടുത്ത മാസത്തിൽ ചേരും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡാർളി ഏബ്രഹാം, റസീന യൂസഫ്, ജെസി ജോസഫ്, സിമിലി ബിജു, ആൻസമ്മ ജോസഫ്, വിൽസൺ പാത്തിച്ചാലിൽ, വിജയൻ കിഴക്കയിൽമീത്തൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, സീനിയർ ക്ലർക്ക് ദിവാകരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.