ഭിന്നശേഷി അവകാശ നിയമം:പരിശീലനം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
1587359
Thursday, August 28, 2025 5:51 AM IST
കോഴിക്കോട്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ പരാതി പരിഹാര ഉദ്യോഗസ്ഥർക്ക് ഭിന്നശേഷി സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ പരിശീലന നൽകി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സമൂഹത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭ്യമാക്കുകയാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വകുപ്പുകൾ, അവകാശങ്ങൾ, നിയമലംഘനവും ശിക്ഷയും, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യസുരക്ഷ, ആരോഗ്യം, പുനരധിവാസം, വിനോദം, ദേശീയ ഭിന്നശേഷി ഫണ്ട് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ എം. അഞ്ജു മോഹൻ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആർ. രാജീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ. ഷിബു, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥൻ ടി.കെ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.