ജനം തെരഞ്ഞെടുത്തവരെ തടയാൻ ഒരു ശക്തിക്കുമാവില്ല: ഷാഫി പറമ്പിൽ
1587360
Thursday, August 28, 2025 5:51 AM IST
മേപ്പയൂർ: ജനങ്ങളാണ് എന്നെ എംപിയായി തെരഞ്ഞെടുത്തതെന്നും ഒരു ഭീഷണിക്കും എന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ എംപി. മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അനീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 48 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെ ദുർഭരണത്തിന് അറുതി വരുത്താൻ വേണ്ടിയാണ് "ജന വിരുദ്ധതയ്ക്കെതിരs ജനരോഷം' എന്ന മുദ്രാവാക്യമുയർത്തി ഉപവാസം സംഘടിപ്പിച്ചത്. സ്വാഗത സംഘം ചെയർമാൻ ഇ. അശോകൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി.എം നിയാസ് മുഖ്യ പ്രഭാഷണം നടത്തി. സമരപന്തലിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് മേപ്പയൂർ കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി.
മുൻകാല ജനപ്രതിനിധികളെ ഉപവാസപ്പന്തലിൽ ആദരിച്ചു. കെപിസിസി മെമ്പർ സത്യൻ കടിയങ്ങാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, നളിനി നല്ലൂർ, കെ.പി. വേണുഗോപാൽ, ടി.കെ. അബ്ദുറഹിമാൻ, സുധാകരൻ പറമ്പാട്ട്, കെ.കെ. അനുരാഗ് എന്നിവർ പ്രസംഗിച്ചു.
ഇ.കെ. മുഹമ്മദ് ബഷീർ, ഷബീർ ജന്നത്ത്, സി.എം. ബാബു, സത്യൻ വിളയാട്ടൂർ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എം. സുരേഷ്, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.എം. ശ്യാമള, അർഷിന അസീസ് എന്നിവർ നേതൃത്വം നൽകി.