ഭവന പദ്ധതി: കെ.ടി. ജലീലിന്റെ വാദങ്ങൾ തള്ളി മുസ്ലിം ലീഗ്
1582509
Saturday, August 9, 2025 5:56 AM IST
വാങ്ങിയത് പ്ലാന്റേഷൻ നിയമം ബാധകമല്ലാത്ത ഭൂമി
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾദുരന്തബാധിതരിൽ 107 കുടുംബങ്ങൾക്ക വീട് നിർമിച്ചുനൽകുന്നതിന് മുട്ടിൽ പഞ്ചായത്തിലെ വെള്ളിത്തോടിൽ വാങ്ങിയ 11.5 ഏക്കർ ഭൂമിയുമായി ബന്ധപ്പെടുത്തി കെ.ടി. ജലീൽ എംഎൽഎ സിപിഎം ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുസ്ലിം ലീഗ് നേതൃത്വം.
മുസ്ലിം ലീഗ് വാങ്ങിയത് തരംമാറ്റുന്നതിന് നിയമതടസമുള്ള തോട്ടം ഭൂമിയാണെന്നാണ് ജലീലും മറ്റു തത്പരകക്ഷികളും പറയുന്നതും പ്രചരിപ്പിക്കുന്നതും. എന്നാൽ പ്ലാന്റേഷൻ നിയമം ബാധകമല്ലാത്ത ഭൂമിയാണ് മുസ്ലിം ലീഗ് വാങ്ങിയതെന്നു ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, സെക്രട്ടറിമാരായ കെ. ഹാരിസ്, പി.പി. അയ്യൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭവനപദ്ധതിക്കു ഭൂമി കണ്ടെത്തുന്നതിന് പാർട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയിലെ അംഗങ്ങളെ പേരുപറഞ്ഞ് അവഹേളിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും ജലീലിനെതിരേ ക്രിമിനൽ, സിവിൽ കേസ് ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. മുസ്ലിം ലീഗിനെതിരേ ജലീൽ വാർത്താസമ്മേളനത്തിൽ നടത്തിയ വർഗീയ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നു നേതാക്കൾ പറഞ്ഞു.
വെള്ളിത്തോടിൽ അഞ്ച് വ്യക്തികളിൽനിന്നു മുസ്ലിംലീഗ് വാങ്ങിയ ഭൂമിയിൽ ഭവനനിർമാണം നടത്തുന്നതിന് നിയമപരമായ തടസമില്ല. അതുകൊണ്ടുതന്നെ ഭൂമി തരംമാറ്റി പ്രവൃത്തി നടത്തുന്നതിന് അനുമതി തേടി സർക്കാരിനെ സമീപിക്കേണ്ടകാര്യമില്ല. ഭൂമി സംബന്ധിച്ച് ചിലർ ലാൻഡ്ബോർഡിന് നൽകിയ പരാതിയിൽ കാന്പില്ല. മുസ്ലിം ലീഗിന് ഭൂമി വിറ്റവർക്ക് കേരള ലാന്റ് റിഫോംസ് നിയമത്തിലെ സെക്ഷൻ 105 പ്രകാരം നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിക്രമം മാത്രമാണ്.
പരാതിയിൽ ലാൻഡ്ബോർഡ് എന്ത് നടപടി സ്വീകരിക്കുമെന്നതിൽ പാർട്ടിക്ക് ആശങ്കയില്ല. മുസ്ലിം ലീഗിന് ഭൂമി കൈമാറിയതിൽ ഒരാൾക്കും തോട്ടംഭൂമിയോ മിച്ചഭൂമിയോ പരിധിയിൽ കൂടുതൽ ഭൂമിയോ കൈവശമില്ല. ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണെന്നിരിക്കേ ആ ഭൂമി വിൽക്കുന്നതിനോ കെട്ടിടങ്ങൾ നിർമിക്കുന്നതിനോ നിലവിലെ നിയമങ്ങൾപ്രകാരം ഒരു തടസവുമില്ല.
ഇത്തരം ഭൂമിയിൽ കെട്ടിടനിർമാണത്തിന് അനുമതി ആവശ്യപ്പെട്ടാൽ ഉടൻ നൽകണമെന്ന വിധിന്യായംപോലും നിലവിലുണ്ട്. മഴ മാറിയാലുടൻ വീടുകളുടെ നിർമാണം തുടങ്ങും. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കി ഗുണഭോക്തൃ കുടുംബങ്ങൾക്ക് വീട് കൈമാറും. പാർട്ടി സംസ്ഥാന അധ്യക്ഷന്റെ പേരിലാണ് നിലവിൽ ഭൂമി. ഇത് ഓരോ ഗുണഭോക്താവിനും എഴുതിക്കൊടുക്കുന്പോൾ സ്റ്റാംപ് ഡ്യൂട്ടി ഇളവിന് സർക്കാരിനെ സമീപിക്കും.
എട്ട് സെന്റ് വീതം ഭൂമിയും വീടുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്ക് നൽകുന്നത്. പാർട്ടിയുടെ ഭവന പദ്ധതി ഗുണഭോക്താക്കളിൽ 89 പേർ പുനരധിവാസത്തിന് അർഹരെന്നു കണ്ടെത്തി സർക്കാർ പ്രസിദ്ധപ്പെടുത്തിയ 451 പേരുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിലെ അപാകം മൂലം പട്ടികയിൽ ഉൾപ്പെടാതെപോയതാണ് മറ്റു കുടുംബങ്ങൾ.
ഭവനപദ്ധതിക്ക് ഭൂമി വാങ്ങിയതിനു മറവിൽ പകൽക്കൊള്ള നടന്നുവെന്ന ജലീലിന്റെ ആരോപണം പരിഹാസ്യമാണ്. എക്കറിന് 98 ലക്ഷം രൂപ മുതൽ 1.22 കോടി വരെ രൂപ വില നിശ്ചയിച്ചാണ് സ്ഥലം എടുത്തത്. ഭവന നിർമാണത്തിന് നിയമതടസമില്ലാത്ത ഭൂമി ഇതിലും കുറഞ്ഞ വിലയിൽ പ്രദേശത്ത് കിട്ടാനില്ല. ഏക്കറിനു 60 ലക്ഷത്തിനും മറ്റും കിട്ടുമെന്ന് ചിലർ പറയുന്ന ഭൂമി പ്ലാന്റേഷന്റെ ഭാഗവും നിർമാണത്തിന് തടസമുള്ളതുമാണ്. വെള്ളിത്തോടിൽനിന്നു മേപ്പാടി ടൗണിലേക്ക് അഞ്ചും മുട്ടിൽ ടൗണിലേക്ക് മൂന്നും കിലോമീറ്റർ മാത്രമാണ് ദൂരം.
മുസ്ലിം ലീഗ് വാങ്ങിയത് തോട്ടം ഭൂമിയാണെന്ന് ചിലർ പ്രചരിപ്പിക്കുന്നത് മുഴുവൻ വശങ്ങളും പരിശോധിക്കാതെയും പഠിക്കാതെയുമാണ്. അല്ലെങ്കിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കി പദ്ധതി തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. മുസ്ലിം ലീഗിനോടുള്ള രാഷ്ട്രീയവിരോധം തീർക്കുന്നതിനുള്ള ശ്രമങ്ങൾ ദുരന്തബാധിതരോടുള്ള ക്രൂരതയാണ്.
ജനപ്രാതിനിധ്യ നിയമം 29(എ)പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ടുതന്നെ സ്വരൂപിച്ച ഫണ്ടിന്റെ വിനിയോഗം 29 (ബി) പ്രകാരം ഡിക്ലയർ ചെയ്യേണ്ടതുണ്ട്. ദുരന്തബാധിതർക്കായി ലീഗ് സമാഹരിച്ച തുകയുടെയും ചെലവിന്റെയും കണക്ക് ഫോർ വയനാട് ആപ്പിലൂടെ ആർക്കും പരിശോധിക്കാവുന്നതാണെന്നും നേതാക്കൾ പറഞ്ഞു.