പുഞ്ചിരിമട്ടം പുനരധിവാസം: 88 പേർ പട്ടികയ്ക്കു പുറത്തെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി
1582013
Thursday, August 7, 2025 6:02 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരിൽ 88 കുടുംബങ്ങൾ സർക്കാർ ഇതിനകം പ്രസിദ്ധപ്പെടുത്തിയ ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയ്ക്കു പുറത്താണെന്ന് ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഷാജിമോൻ ചൂരൽമല, ഉസ്മാൻ ബാപ്പു, പി. സെയ്തലവി, കെ. സൈനുദ്ദീൻ, പി.ആർ. സന്തോഷ്, കെ. സഹദേവൻ, കെ. ജിജീഷ് എന്നിവർ പറഞ്ഞു.
സർക്കാർ ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച പട്ടികയിൽ 451 പേരാണുള്ളത്. പുഞ്ചിരിമട്ടം ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിനു മുന്‍പാണ് 49 പേരേക്കൂടി ഉൾപ്പെടുത്തി പട്ടിക പരിഷ്കരിച്ചത്. അട്ടമല-23, പടവെട്ടിക്കുന്ന്-23, മുണ്ടക്കൈ-16, റാട്ടപ്പാടി-16 എന്നിങ്ങനെ 88 കുടുംബങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടാൻ അർഹരാണ്.
ദൗർഭാഗ്യവശാൽ മാനദണ്ഡങ്ങളുടെ പേരുപറഞ്ഞ് ഇവരുടെ അപേക്ഷ തള്ളുകയാണുണ്ടായത്. മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റം വരുത്തി ഈ കുടുംബങ്ങളെയും പട്ടികയിൽ ചേർക്കണം.
ദുരന്തബാധിതരായ കെട്ടിടം ഉടമകൾ, കർഷകർ എന്നിവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർതലത്തിൽ പ്രഖ്യാപനം നടന്നിട്ടില്ല.
ഉരുൾപൊട്ടലിനു മുന്‍പ് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടായിരുന്ന കർഷകരും കെട്ടിടം ഉടമകളും ഭാവിജീവിതത്തെക്കുറിച്ചു ആശങ്കയിലാണ്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ 20 സെന്റിനു മുകളിൽ ഭൂമിയുണ്ടായിരുന്ന 100 ഓളം പേർ ദുരന്തത്തിന് ഇരകളാണ്. കൃഷി ആയിരുന്നു ഇവരുടെ മുഖ്യ ഉപജീവനമാർഗം. 54 പേരുടേതായി 150 കടമുറികളാണ് ദുരന്തമേഖലയിൽ പൂർണമായോ ഭാഗികമായോ തകർന്നത്. കുടുംബം പോറ്റുന്നതിന് വാടകയെ ആശ്രയിച്ചിരുന്ന കെട്ടിടം ഉടമകൾ കൊടിയ ദുരിതത്തിലാണ്.
ദുരന്തപ്രദേശത്തെ ജനങ്ങളുടെ ബാങ്കുകടം എഴുതിത്തള്ളുന്നതിൽ ഇനിയും തീരുമാനമായില്ല. 12 ബാങ്കുകളിൽ 3,220 പേരുടേതായി 32.8 കോടി രൂപയാണ് കടം. ഇതിൽ കേരള ബാങ്ക് മാത്രമാണ് ഇടപാടുകാരിൽ കുറേ പേരുടെ കടം എഴുതിത്തള്ളിയത്. ദുരന്തബാധിതരെന്ന് ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തി രേഖ ലഭ്യമാക്കാത്തതിനാൽ അർഹരായ എല്ലാ ഇടപാടുകാരുടെയും കടം എഴുതിത്തള്ളാൻ കേരള ബാങ്കിനും കഴിഞ്ഞിട്ടില്ല. കടം എഴുതിത്തള്ളലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ടൗണ്‍ഷിപ്പിൽ വീടുകളുടെ നിർമാണത്തിന് ചുതമലപ്പെടുത്തിയ സ്ഥാപനം, പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയത്തിന് ദുരന്തബാധിതരുടെ പ്രതിനിധികൾ എന്ന നിലയിൽ ജനശബ്ദം ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് അവസരം ഒരുക്കണം. ടൗണ്‍ഷിപ്പിൽ നിർമിച്ച മാതൃകാവീടിന്റെ രൂപകൽപന തൃപ്തികരമല്ല.
വീടുകളുടെ രൂപകൽപനയും നിർമാണവും ഗുണഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് നടത്തണം. ഈ വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ അടുത്ത ദിവസം റവന്യു മന്ത്രിയെ കാണുമെന്നും അവർ പറഞ്ഞു.