വന്യജീവി ശല്യം: പാടന്തറയിൽ നിരാഹാരസമരം നടത്തി
1582017
Thursday, August 7, 2025 6:02 AM IST
ഗൂഡല്ലൂർ: മക്കളിൻ ഉരുമൈ കുറൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാടന്തറയിൽ നിരാഹാരസമരം നടത്തി. പാടന്തറ മേഖലയിൽ ഭീതി പരത്തുന്ന കടുവയെ കൂടുവച്ച് പിടിക്കുക, കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുക, പ്രദേശത്ത് നിരന്തരം ഇറങ്ങുന്ന മോഴയെ മയക്കുവെടിവച്ച് പിടിച്ച് മുതുമലയിലേക്ക് മാറ്റുക,
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെയായിരുന്നു സമരം. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. റിൻഷാദ് പാടന്തറ, കെ.എം.എസ് അഷ്കർ, ശശി, ജോസ്, ജമീദ്, അനിൽകുമാർ, ജയൻ, ജാഫർ, ജുനൈദ് കന്പാടി, ത്വൽഹത്ത്, നൗഫൽ എന്നിവർ നേതൃത്വം നൽകി.
ദേവർഷോല പഞ്ചായത്തിലെ പാടന്തറ, ആലവയൽ, കെണിയംവയൽ, ത്രീഡിവിഷൻ, സർക്കാർമൂല, ദേവർഷോല, ദേവൻ, കല്ലിങ്കര, കുറ്റിമൂച്ചി തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാണ്. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് കൂട്ടായ്മ തീരുമാനം.