പെൻഷൻകാരെ സമരത്തിന് തള്ളിവിടുന്നത് അനുചിതം: എൻ.ഡി. അപ്പച്ചൻ
1582016
Thursday, August 7, 2025 6:02 AM IST
കൽപ്പറ്റ: സർവീസിൽനിന്നു പിരിഞ്ഞവരെ ആനുകൂല്യങ്ങൾക്കുവേണ്ടി സമരത്തിനു നിർബന്ധിതരാക്കുന്നത് തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാരിനു ചേർന്നതല്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.
12-ാം പെൻഷൻ പരിഷ്കരണം ആരംഭിക്കുക, തടഞ്ഞുവച്ച 18 ശതമാനം ക്ഷാമാശ്വാസം വിതരണം ചെയ്യുക, തടഞ്ഞുവച്ച പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ മിനിമം പെൻഷൻ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച ദ്വിദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഇ.ടി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിനചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽ കീഴ്ശേരി, സണ്ണി ജോസഫ്, സംസ്ഥാന കൗണ്‍സിലർമാരായ ടി.പി. ശശിധരൻ, പി.കെ. സുകുമാരൻ, ടി.കെ. സുരേഷ്, എൻ.ഡി. ജോർജ്, വി.പി. പ്രേംദാസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. ശശികുമാർ സ്വാഗതവും കെ.എൽ. തോമസ് നന്ദിയും പറഞ്ഞു.