തെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ 12 വരെ ദീർഘിപ്പിച്ചു
1582297
Friday, August 8, 2025 6:36 AM IST
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള അവസാന തീയതി 12 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കാൻ അവധി ദിവസങ്ങളായ ഒന്പത്, പത്ത് തീയതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും കൂടുതലായി ലഭിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.
നിലവിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. സമ്മതിദായകർ ഫോം 4, ഫോം 5, ഫോം 6, ഫോം 7 പ്രകാരമുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കൂടുതലായി ലഭിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷകളിലും ആക്ഷേപങ്ങളിലും സമയബന്ധിതമായി തുടർ നടപടി സ്വീകരിക്കാൻ അവധി ദിവസങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ നിർദേശം നൽകിയത്.
അവധി ദിവസങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്ന അപേക്ഷകർക്ക് ഹിയറിംഗ്, ഫോം 5 പ്രകാരമുള്ള ആക്ഷേപങ്ങൾ നേരിട്ട് സ്വീകരിക്കൽ, വോട്ടർ പട്ടിക പുതുക്കൽ നടപടികൾ എന്നിവയ്ക്ക് സാധ്യമാവും.