പുത്തുമല ഉരുൾ ദുരന്തം: ആറാം വാർഷികം ഇന്ന്
1582257
Friday, August 8, 2025 5:32 AM IST
കൽപ്പറ്റ: മേപ്പാടി പുത്തുമല ഉരുൾ ദുരന്തത്തിന്റെ ആറാം വാർഷികം ഇന്ന്. 2019 ഓഗസ്റ്റ് എട്ടിനു വൈകീട്ടാണ് പച്ചക്കാട് മലമുകളിൽ ഉരുൾ പൊട്ടി പുത്തുമല ദുരന്തഭൂമിയായത്. 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇതിൽ പുത്തുമല മുതിരത്തൊടി ഹംസ(58), പച്ചക്കാട് നാച്ചിവീട്ടിൽ അവറാൻ(62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ(54), പച്ചക്കാട് എടക്കണ്ടത്തിൽ നബീസ(74)എന്നിവരെ കണ്ടെത്താനായില്ല. ഇവരെക്കുറിച്ചുള്ള ഓർമകൾ ഇന്നും വ്യഥയുടെ ചിത ഒരുക്കുകയാണ് ബന്ധുമിത്രാദികളുടെ മനസുകളിൽ.
ഉരുൾപൊട്ടലിൽ പുത്തുമലയിൽ 58 വീടുകളാണ് പൂർണമായും തകർന്നത്. 22 വീടുകൾ ഭാഗികമായി നശിച്ചു. ഏക്കർകണക്കിനു കൃഷിയിടം മണ്ണിനടിയിലായി. താഴ്വാരത്തെ ആരാധനാലയങ്ങൾ, ക്വാർട്ടേഴ്സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉരുൾവെള്ളം കൊണ്ടുപോയി.
പുത്തുമല ദുരന്തബാധിതരിൽ 49 കുടുംബങ്ങളെ മേപ്പാടിക്കടുത്ത് പൂത്തകൊല്ലിയിലാണ് പുനരധിവസിപ്പിച്ചത്. ‘മാതൃഭൂമി’ വിലയ്ക്കുവാങ്ങി കൈമാറിയ ഭൂമിയിൽ സർക്കാർ സഹായവും ഉപയോഗിച്ച് സന്നദ്ധ പ്രസ്ഥാനങ്ങളാണ് ഭവന നിർമാണം പൂർത്തിയാക്കിയത്. വീട് ഒന്നിന് നാല് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. പൂത്തകൊല്ലിയിലെ വീടുകളിൽ 20 ഓളം എണ്ണം ചോർന്നൊലിക്കുന്നതാണ്. മുകൾഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ചോർച്ച താത്കാലികമായി തടയുന്നത്.
സർക്കാർ വാഗ്ദാനം ചെയ്തതുപോലുള്ള പുനരധിവാസം പൂത്തകൊല്ലിയിൽ നടന്നില്ലെന്ന ഖിന്നത ദുരന്തബാധിതർക്കുണ്ട്. 2021ലാണ് പൂത്തകൊല്ലിയിൽ ഭവന നിർമാണം നടന്നത്. പുത്തുമല ഉരുൾപൊട്ടൽ ബാധിച്ചതിൽ 30 ഓളം കുടുംബങ്ങളുടെ പുനരധിവാസം ബാക്കിയാണ്. വിവിധ കാരണങ്ങളാൽ ഇവർ പുനരധിവാസ പദ്ധതിക്ക് പുറത്താകുകയായിരുന്നു.
പുത്തുമല പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള ചിന്തകൾ വയനാട് കൊണ്ടുനടക്കുന്നതിടെയാണ് 2024 ജൂലൈ 30ന് രാത്രി 298 പേരുടെ മരണത്തിന് ഇടയാക്കിയ പുഞ്ചിരിമട്ടം ഉരുൾദുരന്തം ഉണ്ടായത്. പുത്തുമലയിൽനിന്നു ഏറെ അകലെയല്ല പുഞ്ചിരിമട്ടവും ഉരുൾജലം ഭ്രാന്തമായി ഒഴുകിത്തകർന്ന മുണ്ടക്കൈയും ചൂരൽമലയും. പുത്തുമല ദുരന്തപ്രദേശത്തിനു സമീപമാണ് പുഞ്ചിരിമട്ടം ദുരന്തത്തിൽ മരിച്ചതിൽ കുറെ ആളുകളെ സംസ്കരിച്ച ജൂലൈ 30 ഹൃദയഭൂമി.