ലോക സൗഹൃദ ദിനം; ചങ്ങാതിക്കൊരു തൈ കൈമാറി വിദ്യാർഥികൾ
1581744
Wednesday, August 6, 2025 6:16 AM IST
പുൽപ്പള്ളി: ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ്എസ് വിദ്യാർഥികൾ.
സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി വൃക്ഷത്തൈകൾ നടാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം എന്ന ജനകീയ വൃക്ഷവത്കരണ കാന്പയിനിന്റെ ഭാഗമായാണ് ചങ്ങാതിക്കൊരു തൈ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ഇതുവരെ 29 ലക്ഷത്തോളം തൈകൾ കാന്പയിനിന്റെ ഭാഗമായി നട്ടുകഴിഞ്ഞു. ഇതിനുപുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ 10 ലക്ഷം തൈകൾ കൂടി നടുന്നത്. സംസ്ഥാനത്തെ സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്നത്.
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താനും നെറ്റ് സീറോ കാർബണ്‍ കേരളം പരിസ്ഥിതി പുനഃസ്ഥാപനവുമാണ് ലക്ഷ്യം. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരൻ, പ്രധാനാധ്യാപിക നിഷിത, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍ പി.എം. മഞ്ജു, പിടിഎ പ്രസിഡന്റ് അജിത് കുമാർ, സജേഷ് എന്നിവർ പ്രസംഗിച്ചു.