മലവെള്ളപ്പാച്ചിലിൽ കൃഷി നശിച്ചു
1582291
Friday, August 8, 2025 6:36 AM IST
സുൽത്താൻ ബത്തേരി: ശക്തമായ മലവെള്ളപ്പാച്ചിലിൽ കൃഷി നശിച്ചു. പഴേരി, വടക്കനാട്, പണയന്പം മേഖലകളിലാണ് വ്യാപക കൃഷി നാശമുണ്ടായത്. നിരവധി പേരുടെ നെൽകൃഷിയും ഇഞ്ചിക്കൃഷിയുമാണ് മഴവെള്ളത്തിൽ കുത്തിയൊലിച്ചുപോയത്. കദങ്ങത്ത് പ്രഭാകരൻ, പുതിയോണി ഗോപാലകൃഷ്ണൻ, തത്തൂരി ജയപ്രകാശൻ എന്നിവരുടെ നെൽകൃഷിയും കൊടന്നക്കര സുകുമാരന്റെ ഇഞ്ചി കൃഷിയുമാണ് മലവെള്ളപ്പാച്ചിലിൽ നശിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയാണ് പഴേരി വടക്കനാട് മേഖലകളിലുണ്ടായത്. ഇതോടെ കൃഷിയിടങ്ങളിലേക്ക് മലവെള്ളം കുതിച്ചെത്തി. വനമേഖലകളിൽ നിന്ന് വെള്ളം ഒഴുകിയെത്തി കൃഷിയിടങ്ങളോട് ചേർന്നൊഴുകുന്ന തോടുകൾ കരകവിഞ്ഞു. ചെളിയും വെള്ളവും വയലുകളിലേക്ക് മറിഞ്ഞു. ഇതാണ് വ്യാപക കൃഷി നാശത്തിന് കാരണമായത്.
മിക്ക കൃഷിയിടങ്ങളിലും മണലും ചെളിയും അടിഞ്ഞു കൂടുകയും ചെയ്തിട്ടുണ്ട്. ചില വയലുകളിൽ നാട്ടിയ ഞാറടക്കം കുത്തിയൊലിച്ചു പോയി. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ പ്രദേശം കൂടിയാണ് വടക്കനാട്. ഇതിനെയെല്ലാം തരണം ചെയ്ത് ഇറക്കിയ കൃഷി അപ്രതീക്ഷിതമായ തീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും നശിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ.