വന്യമൃഗശല്യം: നാലിന കർമപദ്ധതികളുടെ വിശദീകരണം ഒന്പതിന്
1582010
Thursday, August 7, 2025 6:02 AM IST
കൽപ്പറ്റ: വന്യജീവിശല്യം പരിഹരിക്കുന്നതിന് ബത്തേരി സ്വദേശി അഡ്വ.തങ്കച്ചൻ മുഞ്ഞനാട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും റിട്ടുകളിലൂടെ ഹൈക്കോടതിക്കും സമർപ്പിച്ച നാലിന കർമപദ്ധതികൾ ജനങ്ങളോട് വിശദീകരിക്കുന്നതിന് പുരോസ്ഥിര ഫൗണ്ടേഷൻ ഒന്പതിന് ഉച്ചകഴിഞ്ഞു രണ്ടിന് ബത്തേരി മുനിസിപ്പൽ ഹാളിൽ സമ്മേളനം സംഘടിപ്പിക്കും.
അഡ്വ.തങ്കച്ചൻ മുഞ്ഞനാട്ട് രചിച്ച ’മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’, ’പുരോസ്ഥിരചിന്ത: ആശയവും പ്രയോഗവും’ എന്നി പുസ്തകങ്ങളുടെ പ്രകാശനം. പുരോസ്ഥിര അവാർഡ് ദാനം എന്നിവ സമ്മേളനത്തിൽ നടത്തും. നൂൽപ്പുഴ പഞ്ചായത്തിൽനിന്നുള്ള എഴുത്തുകാരി മിനി ഉതുപ്പ്, സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ അബ്ദുൾകലാം ആസാദ് കോഴിക്കോട് എന്നിവരെ ആദരിക്കും.
സംയോജിത പ്രതിരോധം, വന ക്രമീകരണം, സജീവ വനം, ഭൂമിക്കുപകരം ഭൂമി നൽകി പുനരധിവാസം എന്നിവയാണ് വന്യമൃഗശല്യം തടയുന്നതിനുള്ള കർമ പരിപാടികൾ. ഇതേക്കുറിച്ച് വിശദീകരിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് സമ്മേളനമെന്ന് ഫൗണ്ടേഷൻ-സംഘാടക സമിതി ഭാരവാഹികളായ അഡ്വ.തങ്കച്ചൻ മുഞ്ഞനാട്ട്, പ്രിയേഷ് ജോസഫ്, അനിൽ സ്റ്റീഫൻ, ബേബിച്ചൻ മുഞ്ഞനാട്ട്, പ്രതീഷ് ചാക്കോ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്കാണ് ഫൗണ്ടേഷന്റെ പ്രഥമ പുരോസ്ഥിര അവാർഡ്. ഗുണനിലവാരമുള്ള ഭരണം എന്ന പുരോസ്ഥിര ആശയം മുൻനിർത്തിയാണ് പുരസ്കാരം.
സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും. പുസ്തകങ്ങളുടെ പ്രകാശനം യഥാക്രമം കാലിക്കട്ട് സർവകലാശാല മലയാള വിഭാഗം മുൻ മേധാവി പ്രഫ.എം.എൻ. കാരശേരി, കവി പി.കെ. ഗോപി എന്നിവർ നിർവഹിക്കും. അവാർഡ് ദാനം പ്രഫ.എം.എൻ. കാരശേരി നടത്തും.
ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, പ്രഫ.താര ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.