എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 381 പേർക്ക് നിയമനം
1581751
Wednesday, August 6, 2025 6:16 AM IST
കൽപ്പറ്റ: ജില്ലയിൽ 2024-25ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 381 പേർക്ക് നിയമനം. സ്ഥിരം, താത്കാലിക നിയമനങ്ങൾ ഉൾപ്പെടെയാണിത്. ഇതിൽ 217 പേർ സ്ത്രീകളാണ്. ജോലി ലഭിച്ചവരിൽ 42 ഭിന്നശേഷിക്കാരും 23 പട്ടികജാതിക്കാരും 11 പട്ടികവർഗക്കാരുമുണ്ട്.
150 പേർക്ക് മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും 116 പേർക്ക് കൽപ്പറ്റ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും 115 പേർക്ക് ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുമാണ് ജോലി ലഭിച്ചത്.
ഏപ്രിൽ 31 വരെയുള്ള കണക്കുപ്രകാരം 65,538 പേരാണ് ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തത്. ഇതിൽ 42,131 പേർ സ്ത്രീകളാണ്.
രജിസ്റ്റർ ചെയ്തവരിൽ 10,702 ബിരുദധാരികളും 722 ബിരുദാനന്തരബിരുദധാരികളും ഉൾപ്പെടും. ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 5,489 പട്ടികജാതിക്കാരും 10,099 പട്ടികവർഗക്കാരും 1,905 ഭിന്നശേഷിക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാങ്കേതിക കോഴ്സുകൾ പൂർത്തിയാക്കിയ 2,966 പേരും രജിസ്റ്റർ ചെയ്തതിൽ ഉൾപ്പെടും.