പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി ആഴ്ചകൾക്കുള്ളിൽ ഫാമിലെ 100 പന്നികൾ ചത്തെന്ന്
1582015
Thursday, August 7, 2025 6:02 AM IST
കൽപ്പറ്റ: പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി ആഴ്ചകൾക്കുള്ളിൽ ഫാമിലെ 100 പന്നികൾ ചത്തതായി ഉടമ പയ്യന്പള്ളി കുറുക്കൻമൂല വടക്കേത്തോട്ടത്തിൽ വി.സി. അനീഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പന്നികൾ ചത്തതിനു കാരണം മനസിലാക്കുന്നതിന് ജഡങ്ങളിൽ ഒന്ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പോസ്റ്റുമോർട്ടത്തിന് വിസമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.
താമസസ്ഥലത്തിന് കുറച്ചകലെയുള്ള പന്നിഫാമിൽ മാലിന്യ നിക്ഷേപത്തിന് കുഴി നിർമാണം കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് മാനന്തവാടി എസ്ഐയുടെ ഇടപെടൽ ഉണ്ടായത്. 15 കോൽ താഴ്ചയിൽ കുഴിനിർമാണം പയ്യന്പള്ളി സ്വദേശിയാണ് കരാർ എടുത്തത്. പ്രവൃത്തി നടത്തുന്നതിന് 14,000 രൂപ മുൻകൂർ നൽകി. മൂന്നു ദിവസം പ്രവൃത്തി നടത്തിയ കരാറുകാരൻ നഷ്ടമമെന്നു പറഞ്ഞ് പണി നിർത്തിവച്ചു. ഇതേത്തുടർന്ന് തൊഴിലാളികളുടെ പണിയായുധങ്ങളും വസ്ത്രങ്ങളും ഫാമിനടുത്ത് പണിതീരാത്ത വീട്ടിലെ മുറിയിൽ സൂക്ഷിച്ചിരുന്നു.
അടുത്ത ദിവസം കരാറുകാരന്റെ തൊഴിലാളികളിൽ ഒരാൾ ഫോണ് ചെയ്ത് വീട് തല്ലിപ്പൊളിച്ച് പണിയായുധങ്ങൾ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. അന്നുരാത്രി വീട്ടിൽനിന്നു നെല്ലും ചില സാമഗ്രികളും കാണാതായി. വീടിന്റെ പൂട്ട് അടിച്ചുതകർത്ത നിലയിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തന്നെയും കരാറുകാരനെയും അദ്ദേഹത്തിന്റെ മകനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ എസ്ഐ തട്ടിക്കയറുകയും വീടിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ മാറ്റിയത് താനാണെന്ന് ആരോപിക്കുകയുമായിരുന്നു.
ഫോണ് പിടിച്ചുവാങ്ങിയും യുപിഐ ഐഡി മനസിലാക്കിയും എസ്ഐ 1,500 രൂപ കരാറുകാരന്റെ മകന്റെ അക്കൗണ്ടിലേക്ക് ബലമായി ഗൂഗിൾപേ ചെയ്തു. പഴ്സിൽ ഉണ്ടായിരുന്ന 2,000 രൂപ പിടിച്ചുവാങ്ങി കൈമാറി. പന്നിഫാം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ എസ്ഐ തന്റെ ബൊലേറോ ജീപ്പിന്റെ താക്കോൽ ഉരിയെടുത്തു.
തന്റെ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുമെന്നു ആക്രോശിച്ചു. ഇതിനുശേഷം എസ്ഐയും ഒരു പോലീസുകാരനും തന്റെ തലയിലും മുഖത്തും കൈകൊണ്ട് ഇടിക്കുകയും സ്റ്റേഷനിൽനിന്നു ഇറക്കിവിടുകയുമായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി കൊടുത്താൽ പൂട്ടുമെന്ന ഭീഷണിയും എസ്ഐയുടെ ഭാഗത്തുണ്ടായി. ജനപ്രതിനിധികളിൽ ഒരാൾ ഇടപെട്ടതിനെത്തുടർന്നാണ് ജീപ്പിന്റെ താക്കോൽ ലഭിച്ചത്.
പോലീസ് മർദനത്തിൽ പരിക്കേറ്റ തനിക്ക് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടേണ്ടിവന്നു. വീടിന്റെ പൂട്ടുതകർത്ത് സാധനങ്ങൾ കൊണ്ടുപോയ സംഭവത്തിൽ പരാതിക്കാരനായ തനിക്ക് സ്റ്റേഷനിൽ തിക്താനുഭവമാണ് ഉണ്ടായത്. പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഇതര സംസ്ഥാന ദന്പതികൾ തൊഴിലാളികളായിരുന്ന ഫാമിലെ പന്നികൾ ഒന്നൊന്നായി ചത്തത്. ഇതിൽ ദുരൂഹതയുണ്ട്. പോലീസ് സ്റ്റേഷനിലുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചും നീതി തേടിയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും അജീഷ് പറഞ്ഞു.