അപകടത്തിൽപ്പെട്ട ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ ജീവനക്കാർ രക്ഷിച്ചു
1582295
Friday, August 8, 2025 6:36 AM IST
സുൽത്താൻ ബത്തേരി: മരത്തിൽ ഇടിച്ചു മറഞ്ഞു ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ ജീവനക്കാർ രക്ഷിച്ചു. ഇതര സംസ്ഥാന സ്വദേശി ത്രിമൂർത്തുലു സത്താർ ശ്രിനുവിനെയാണ് രക്ഷിച്ചത്.
മരത്തിൽ ഇടിച്ച് ഒരു വശത്തേക്ക് ചെരിഞ്ഞുവീണ ലോറിക്കുള്ളിൽ സ്റ്റിയറിംഗ് വീലിനും സീറ്റിനും ഇടയിൽ സത്താർ ശ്രീനു കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. സ്റ്റിയറിംഗ് വീലും സീറ്റും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് സത്താർ ശ്രീനുവിനെ പുറത്തെടുത്തത്.
കണ്ണൂരിൽ നിന്നു നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറി പാതയോരത്തെ മരത്തിലിടിച്ചാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. അപകടത്തിൽ കാലുകൾക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ ദേശീയ പാതയിൽ മൂലങ്കാവ് കാപ്പിസ്റ്റോറിന് സമീപമാണ് അപകടം.
സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ടി.കെ. വിനു, കെ.വി. സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ടി.പി. ഗോപിനാഥൻ, പി.ആർ. മിഥുൻ, വി.എം. നിധിൻ, കെ. സുധീഷ്, അർജുൻ പി. രഘു, അമൽ ജോണ്,
വി.കെ. അക്ഷയ്, എൻ.ടി. രാജേഷ്, പി.വി. ബിനോയ്, അഷൽ, പി.പി. അക്ഷയ്, കെ.വി. ജിജു, ഹോം ഗാർഡ്മാരായ ഫിലിപ്പ് ഏബ്രഹാം, പി.കെ. ബാലൻ, സുബീഷ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.