ഗ്രാമീണ റോഡുകൾ: പ്രിയങ്ക ഗാന്ധി കത്ത് നൽകി
1581748
Wednesday, August 6, 2025 6:16 AM IST
കൽപ്പറ്റ: സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് വയനാട്ടിൽ കൂടുതൽ ദൂരം ഗ്രാമീണ റോഡ് നവീകരിക്കുന്നതിന് പ്രിയങ്ക ഗാന്ധി എംപി കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡവലപ്മെന്റ് ഏജൻസിക്ക്(കെഎസ്ആർഅർഡിഎ)കത്ത് നൽകി. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ നവീകരിക്കാൻ തീരുമാനിച്ച 300 കിലോമീറ്ററിൽ 20 കിലോമീറ്റർ മാത്രമാണ് ജില്ലയിൽ ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് എംപിയുടെ കത്ത്. 20 കിലോമീറ്റർ തികച്ചും അപര്യാപ്തമാണെന്ന് കത്തിൽ പറയുന്നു.
ഗ്രാമീണ റോഡ് നിർമാണത്തിൽ ഉയർന്ന ആദിവാസി സാന്ദ്രതയുള്ള ബ്ലോക്കുകൾക്ക് മുൻഗണന നൽകുമെന്ന് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രച്റർ ഡവലപ്മെന്റ് ഏജൻസിയുടെ(എൻആർഐഡിഎ)മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ആസ്പിരേഷനൽ ജില്ലകൾക്ക് പ്രത്യേക പരിഗണനയുണ്ട്. കേരളത്തിലെ ഏക ആസ്പിരേഷനൽ ജില്ലയാണ് വയനാട്. ജില്ലയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ എല്ലാ വികസനത്തിനും കണക്ടിവിറ്റി നിർണായകമാണ്.
ജില്ലയിൽ നവീകരിക്കേണ്ടതെന്നു കണ്ടെത്തിയ 331 റോഡുകളിൽ 64 റോഡുകൾക്ക് മാത്രമാണ് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രച്റർ ഡവലപ്മെന്റ് ഏജൻസിയുടെ(എൻആർഐഡിഎ) അംഗീകാരം ലഭിച്ചിരുന്നത്. പിന്നീട് എംപി കേന്ദ്ര ഗ്രാമ വികസന മന്ത്രിയോട് അഭ്യർഥിച്ചതനുസരിച്ച് 300 റോഡുകൾക്ക് എൻആർഐഡിഎ അംഗീകാരം കിട്ടി. ഈ റോഡുകളുടെ മുൻഗണനാ പട്ടിക എംപി ഇതിനകം സമർപ്പിച്ചിട്ടുണ്ട്.