സന്യസ്തരെ കുറ്റവിമുക്തരാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1582011
Thursday, August 7, 2025 6:02 AM IST
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റുചെയ്ത് ദിവസങ്ങളോളം ജയിലിൽ പാർപ്പിച്ച നടപടി തികച്ചും അപലപനീയമാണെന്നും ജാമ്യത്തിന്റെ ഒൗദാര്യം നൽകി വിട്ടയക്കുകയല്ല, മറിച്ച് കുറ്റവിമുക്തരാക്കുകയാണ് വേണ്ടതെന്നും കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന സമിതിയോഗം ആവശ്യപ്പെട്ടു.
മതിയായ യാത്രാരേഖകളോടുകൂടി ജോലി ആവശ്യത്തിനായി മാതാപിതാക്കളുടെ അനുമതിയോടെയാണ് തങ്ങൾ സഞ്ചരിക്കുന്നതെന്നും തങ്ങൾ മതപരിവർത്തനം ചെയ്യപ്പെട്ടവരല്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളുടെ കൂടെ യാത്ര ചെയ്ത പെണ്‍കുട്ടികളെ ചോദ്യം ചെയ്തതും കയ്യേറ്റം ചെയ്തതും തികച്ചും പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.
ആൾക്കൂട്ട വിചാരണ നടത്തി കന്യാസ്ത്രീകൾക്കും കൂടെയാത്ര ചെയ്ത പെണ്‍കുട്ടികൾക്കും ശാരീരിക മാനസിക പീഡനം എൽപ്പിച്ച ബജ്രംഗ്ദൾ പ്രവർത്തക ജ്യോതി ശർമ്മയ്ക്കെതിരെ കേസ് എടുക്കണം. സ്വതന്ത്രമായി സഞ്ചരിക്കാൻ മൗലിക അവകാശമുള്ള ഇന്ത്യൻ പൗരന്റെ അവകാശങ്ങളെ ഒരു വിഭാഗം അനാവശ്യമായി ചോദ്യം ചെയ്യുകയും ലംഘിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്.
കേരളത്തിലെ ഇടത്-വലത് എംപിമാരും വിവിധ പാർട്ടി നേതാക്കളും പിൻതുണ നൽകിയപ്പോഴും സമരം നയിച്ചപ്പോഴും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ സ്വീകരിച്ച നിലപാട് കത്തോലിക്കാ കോണ്‍ഗ്രസിന് സ്വീകാര്യമല്ല.
ബഹുജനപ്രക്ഷോഭത്തിന്റെ മുന്നിൽ മുട്ടുമടക്കിയ ബിജെപി ഗവണ്മെന്റ് ജാള്യം മറയ്ക്കാൻ തങ്ങളാണ് എല്ലാം ശരിയാക്കിയതെന്ന് വീന്പിളക്കുന്പോൾ അതിന് ചൂട്ട് പിടിക്കുന്ന നിലപാടുകൾ കത്തോലിക്ക കോണ്‍ഗ്രസ് അംഗീകരിക്കില്ല. ബിജെപിയിൽ നിന്ന് ബഹുദൂരം അകലം പാലിക്കുക തന്നെയാണ് കത്തോലിക്ക കോണ്‍ഗ്രസ് നയം.
ആവശ്യങ്ങളും ആഘോഷങ്ങളും വരുന്പോൾ സഭാ നേതാക്കളെ സന്ദർശിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിട്ട് വൈദികർക്കും സന്യാസിനികൾക്കും അൽമായർക്കും എതിരെ അക്രമണങ്ങൾ അഴിച്ചുവിടുന്നവരുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയണമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് മേച്ചേരിൽ, രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തിങ്കൽ, തോമസ് പട്ടമന, ജേക്കബ് ബത്തേരി, സാജു പുലിക്കോട്ടിൽ, ജോസ് ചുണ്ടാട്ട്, രാജു മണക്കുന്നേൽ, ചാൾസ് വടാശേരിൽ എന്നിവർ പ്രസംഗിച്ചു.