അതി തീവ്രമഴ : താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
1581743
Wednesday, August 6, 2025 6:16 AM IST
സുൽത്താൻ ബത്തേരി: ബത്തേരിയുടെ പരിസരപ്രദേശങ്ങളിൽ ഇന്നലെ പെയ്ത അതിതീവ്ര മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.
ചെതലയം, മൂലങ്കാവ്, വട്ടുവാടി, കുപ്പാടി, പഴേരി, വീട്ടിക്കുറ്റി, വടക്കനാട്, വള്ളുവാടി, കല്ലൂർകുന്ന്, പള്ളിവയൽ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. ദേശീയപാത 766ൽ മൂലങ്കാവിൽ റോഡിൽ വെള്ളംകയറിയത് വാഹന ഗതാഗതത്തെയും ബാധിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് മഴ ആരംഭിച്ചത്.
അരമണിക്കൂറിനുശേഷം മഴ ശക്തിപ്രാപിക്കുകയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെയും വയലുകളിലെയും കൃഷികൾ വെള്ളത്തിനടിയിലായി. വനത്തിൽ നിന്ന് ശക്തമായ മലവെള്ളപ്പാച്ചിലാണ് വടക്കനാട് മേഖലയിലുണ്ടായത്. കൈത്തോടുകൾ നിറഞ്ഞ് സമീപത്തെ കൃഷിയിറക്കിയ വയലുകളിലേക്ക് ചെളിയും മണലുമടക്കം ഒഴുകിയെത്തി.
ഇതോടെ നിരവധി കർഷകരുടെ നെൽകൃഷി മണ്ണിനടിയിലായി. പുതച്ചോല ചിന്പ്രം ഉന്നതി, കരിവള്ളിക്കുന്ന് ഗ്രീൻവാലിയിൽ ചെക്ക് ഡാം നിറഞ്ഞ് സമീപ പ്രദേശങ്ങൾ വെള്ളത്തിലായി. പ്രദേശവാസികളായ മേച്ചിരിയിൽ റസിയ, ഫാത്തിമ, അസീസ് എന്നിവരുടെ വീടുകളിലേക്ക് വെള്ളംകയറി. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.