വീട്ടിലെ കിടപ്പുമുറിയിലും ഓട്ടോയിലും കഞ്ചാവ്; കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനി പിടിയിൽ
1582292
Friday, August 8, 2025 6:36 AM IST
കൽപ്പറ്റ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു.
കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനിയായ ചുണ്ടേൽ, പൂളക്കുന്ന്, പട്ടരുമഠത്തിൽ സാബു ആന്റണി(47)യെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ നിന്ന് 2.172 കിലോയും ഓട്ടോറിക്ഷയിൽ നിന്ന് 24.97 ഗ്രാം കഞ്ചാവുമാണ് ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടിച്ചെടുത്തത്. മോഷണം, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കൽ, ലഹരിക്കേസുകൾ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
ബുധനാഴ്ച സാബുവിന്റെ വീട്ടിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കിടപ്പുമുറിയിലെ കിടക്കയുടെ മുകളിൽ സെല്ലോടേപ്പ് ഒട്ടിച്ച പൊതിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. മുന്പ് താമസിച്ചിരുന്ന വീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്ന് ചില്ലറ വില്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തു.
വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ഓട്ടോറിക്ഷയിലും പരിശോധന നടത്തി. വിൽപ്പനയ്ക്കായി മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച 24.97 ഗ്രാം കഞ്ചാവ് ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെടുത്തു. ഡ്രൈവർ സീറ്റിനടിയിലായി ഒളിപ്പിച്ച നിലയിലായിരുന്നു.
കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ജയപ്രകാശ്, എസ്ഐ കെ. അജൽ, എസ്സിപിഒമാരായ അനൂപ്, ജയേഷ്, സുധി, സിവിൽ പോലീസ് ഓഫീസർമാരായ വിൽസൻ, ബിൻസിയ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.