ചീരാലിലെ കടുവസാനിധ്യം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി ഫോറസ്റ്റ് സ്റ്റേഷനിലെത്തി
1582293
Friday, August 8, 2025 6:36 AM IST
സുൽത്താൻ ബത്തേരി: പുലിഭീതിക്കുപിന്നാലെ കടുവ ഭീതിയിലായ ചീരാലിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആളുകൾ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്ഷൻകമ്മിറ്റി പ്രവർത്തകർ ഓഫീസിലെത്തിയത്. കഴിഞ്ഞ നാല് ദിവസമായി സ്ഥിരമായി ചീരാൽ, മുണ്ടക്കൊല്ലി, ചീരാൽ മുത്താച്ചികുനി എന്നിവിടങ്ങളിൽ കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാവിലെ മുണ്ടക്കൊല്ലി കൊട്ടകുണ്ടിൽ വീണ്ടും കടുവയെ കണ്ടതോടെയാണ് ആക്ഷൻകമ്മറ്റി പ്രതിഷേധവുമായെത്തിയത്. പ്രദേശവാസിയായ പൈക്കാട്ടിൽ ജോസഫാണ് തന്റെ കൃഷിയിടത്തിൽ കടുവയെ കണ്ടത്. ജോസഫ് ഓടി രക്ഷപ്പെടുകയായിരുന്നു.
രാപകൽ വ്യത്യാസമില്ലാതെയാണ് കടുവയുടെ സാനിധ്യം മേഖലകളിലുണ്ടായത്. എന്നിട്ടും ഒരു കാമറപോലും വയ്ക്കാൻ അധികൃതർ തയാറിയില്ലെന്ന് ആക്ഷൻകമ്മിറ്റി ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ മോപ്പാടി റേഞ്ച് ഓഫീസർ കെ.വി. ബിജു, മുത്തങ്ങ അസിറ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാർ എന്നിവർ സ്ഥലത്തെത്തി.
കടുവയുടെ സാനിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിലടക്കം ആർആർടി തെരച്ചിൽ നടത്തും, കാമറകൾ സ്ഥാപിക്കും, കൂട് വക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പുകൾ നൽകിയതോടെയാണ് ഒന്നരമണിക്കൂർ നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ചത്. ചർച്ചയ്ക്ക് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സി. ശിവശങ്കരൻ, കെ.ആർ. സാജൻ,
എം.എ. സുരേഷ്, പ്രസന്ന ശശീന്ദ്രൻ, കെ.വി. ക്രിസ്തുദാസ്, എ.കെ. രാജൻ, എം. അജയൻ, എ.ബി. രജീഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വൈകുന്നേരത്തോടെ നാല് കാമറകൾ കടുവയെ കണ്ട സ്ഥലങ്ങളിൽ സ്ഥാപിച്ചു. രാത്രി കാലങ്ങളിൽ പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു.
കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
ഗൂഡല്ലൂർ: ദേവർഷോല മേഖലയിൽ പരിഭ്രാന്തി പരത്തുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചെന്നൈ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് ഗൂഡല്ലൂർ റേഞ്ചറുടെ നേതൃത്വത്തിൽ ദേവർഷോല കൊട്ടായ്മേടിൽ കൂട് സ്ഥാപിച്ചത്.
നാട്ടുകാരുടെ പ്രതിഷേധ സമരങ്ങളുടെയും ദേവർഷോല പഞ്ചായത്ത് ഭരണ സമിതിയുടെയും ഇടപെടൽ കാരണമാണ് ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായത്. സർക്കാർമൂല, ത്രീഡിവിഷൻ, കൊട്ടായ്മേട്, പാടന്തറ ഭാഗങ്ങളിലായി പത്തിൽപ്പരം വളർത്തു ജീവികളെ കടുവ കൊന്നിരുന്നു. കടുവ ഈ മേഖലയിൽ ഉണ്ടെന്ന് കാമറനിരീക്ഷണത്തിലൂടെ വനംവകുപ്പ് ഉറപ്പ് വരുത്തിയിരുന്നു. അതിന് ശേഷമാണ് കൂട് സ്ഥാപിച്ചിരുന്നത്.